
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലില്‍, ടിക് ടോക്, യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു.
ചൈനയിലുള്ളതോ ചൈനക്കാര്‍ക്കു മുതല്‍മുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകളാണ് നിരോധിച്ചത്. ക്ലബ് ഫാക്ടറി ഉള്‍പ്പെടെയുള്ള ഇകൊമേഴ്‌സ് സംവിധാനങ്ങളും ഏതാനും ഗെയിമുകളും നിരോധിത പട്ടികയില്‍ ഉള്‍പ്പെടുന്നു. ആപ്പുകളില്‍ ചിലതിന്റെ ഉടമകള്‍, ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്നവയാണ്. നിരോധിച്ചതില്‍ യുസി ന്യൂസ് ഉള്‍പ്പെടെ ചിലത് ഇന്ത്യ ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി. പാര്‍ലമെന്റിലുള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും പരിഗണിച്ചാണു നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ ഈ ആഴ്ച അവസാനം നടക്കാനിരിക്കെയാണ് ഇന്ത്യ ഇങ്ങനെ ഒരു മുന്നേറ്റം നടത്തിയിരിക്കുന്നത്. ലഡാക്കിലെ പാങ്കോങ്സോ തീരത്ത് സൈനികര്‍ തമ്മില്‍ കൈകോര്‍ത്ത് ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് മെയ് ആദ്യം മുതല്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. സിക്കിമിലെ അതിര്‍ത്തിക്ക് പുറമെ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പലയിടത്തും പിരിമുറുക്കങ്ങള്‍ വ്യാപിച്ചു. എന്നാല്‍ അതിന്റെ ഭാഗമായിയാണോ ചൈനീസ് ആപ്പുകളുടെ നിരോധനം വന്നിട്ടുള്ളതെന്ന് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. മാത്രമല്ല, ആരോപിക്കപ്പെടുന്ന കുറ്റം ഡേറ്റ സുരക്ഷയാണ്.
പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള പ്രധാന രാജ്യങ്ങള്‍ തങ്ങളുടെ വിതരണ ശൃംഖലകള്‍ ചൈനയില്‍ നിന്ന് മാറ്റാന്‍ നോക്കുമ്പോള്‍, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം തകര്‍ക്കാന്‍ ചൈന താത്പര്യപ്പെടില്ലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഐടി മന്ത്രാലയം തിങ്കളാഴ്ച നിരോധിച്ച ആപ്ലിക്കേഷനുകളില്‍ ജനപ്രിയ സ്‌കാനിംഗ് ആപ്ലിക്കേഷനായ കാംസ്‌കാനര്‍, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷിയോമിയുടെ എംഐ വീഡിയോ എന്നിവയും ഉള്‍പ്പെടുന്നു. ടിക് ടോക്കിന് ഇന്ത്യയില്‍ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. കൂടാതെ ചൈനയ്ക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. ചൈനയില്‍, ഡ്യുയോയിന്‍ എന്ന മറ്റൊരു പേരിലാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ടെന്നും ഇത്തരം ആശങ്കകള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ലഭ്യമായ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്തതിന് മന്ത്രാലയത്തിന്റെ വിവിധ സ്രോതസ്സുകളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഐടി വകുപ്പ് അറിയിച്ചു.
ചൈനീസ് ടെക് വിപണിയ്ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണി ഇന്ത്യയുടേതാണ്. ചൈനയില്‍ത്തന്നെ എല്ലാ സാമൂഹ്യമാധ്യമങ്ങള്‍ക്കും പ്രവേശനവുമില്ല. 'കരിനിയമങ്ങള്‍' എന്ന് വിളിക്കാവുന്ന ഐടി നിയമങ്ങളുള്ള ചൈനയേക്കാള്‍ ഡിജിറ്റല്‍ കമ്പനികള്‍ക്ക് പ്രിയം, താരതമ്യേന വളരെ ഉദാരമായ ഐടി നിയമം നിലനില്‍ക്കുന്ന ഇന്ത്യന്‍ വിപണിയായിരുന്നു. സാമൂഹ്യമാധ്യമങ്ങളെല്ലാം വലിയ ലാഭം കൊയ്ത ഇന്ത്യന്‍ വിപണിയെന്ന വലിയ ലോകമാണ് ഒറ്റയടിക്ക് ചൈനീസ് ടെക് ഭീമന്‍മാര്‍ക്ക് നഷ്ടമാകുന്നത്.
അതേസമയം ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കം ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് ചില നിരീക്ഷകര്‍ പറയുന്നു. ആപ്പ് നിരോധിച്ചതു വഴി ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്ബനികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കും. നിരോധിച്ചവയില്‍ ടിക് ടോക് അടക്കം മൂന്നോ നാലോ ആപ്പുകളേ ജനപ്രിയമായിട്ടുള്ളൂ. മുമ്പ് ജനതാ സര്‍ക്കാരിന്റെ കാലത്ത് ഐ.ബി.എം, കൊക്കകോള കമ്പനികളെ നിരോധിച്ചതാണ്. അതേത്തുടര്‍ന്ന് സമാന സ്വഭാവമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വളരാന്‍ സാഹചര്യവുമുണ്ടായിട്ടുണ്ട്.
നിരോധിക്കപ്പെട്ട ആപ്പുകള്‍
ടിക് ടോക്, ഷെയര്‍ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബൈഡു മാപ്പ്, ഷീന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹലോ, ലൈക്കീ, യുക്യാം മേക്കപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവീ, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്രൈ പ്ലസ്, വി ചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫിസിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പേസ്, മി വിഡിയോകോള്‍, വി സിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റേറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട് ഹൈഡ്, ക്യാച്ചെ ക്ലീനര്‍, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹേഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വീ മീറ്റ്, സ്വീറ്റ് സെല്‍ഫി, ബൈഡു ട്രാന്‍സ്ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ലൈ സ്റ്റേറ്റസ് വിഡിയോ, മൊബൈല്‍ ലെജന്‍ഡ്‌സ്, ഡിയു പ്രൈവസി.