ഇന്ത്യയില്‍ 5ജി വൈകുന്നു; സേവനം അടുത്ത വര്‍ഷം ആദ്യത്തോടെ മാത്രം

February 09, 2021 |
|
News

                  ഇന്ത്യയില്‍ 5ജി വൈകുന്നു; സേവനം അടുത്ത വര്‍ഷം ആദ്യത്തോടെ മാത്രം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകും. ആറുമാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്ട്രം ലേലം പൂര്‍ത്തിയാകുന്നതോടെയാണ് ഇത്. പാര്‍ലമെന്റില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഐടി സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാജ്യത്ത് 5ജി വൈകുന്നതിന് കേന്ദ്ര ടെലികോം മന്ത്രാലയത്തെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ലോകത്തിലെ പലരാജ്യങ്ങളും 5ജി സേവനം ലഭ്യമാക്കിയപ്പോള്‍ നാം പിറകിലാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സമിതി ഇന്ത്യയില്‍ 4ജി സേവനം ഒരു 5 വര്‍ഷം കൂടി തുടരും എന്നാണ് പറയുന്നത്. 5ജി 2021 അവസാനമോ, 2022 ആദ്യമോ രാജ്യത്ത് ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 5ജിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ഇന്ത്യ വളരെ പിറകിലാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 5ജി വൈകുന്നത് വളരെ മോശം തയ്യാറെടുപ്പിനെകൂടിയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

2ജി, 3ജി, 4ജി എന്നിവയുടെ അവസരങ്ങള്‍ സമയബന്ധിതമായി മുതലെടുക്കുന്നതില്‍ വന്ന പിഴവ് 5ജിയുടെ കാര്യത്തിലും രാജ്യത്ത് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട മേഖലകളില്‍ അത് നടക്കണമായിരുന്നു. അത് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 5ജി ട്രയല്‍ അടുത്ത വര്‍ഷം ജനുവരിക്കുള്ളില്‍ നടത്താമെന്നാണ് സിഒഎഐ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്നില്‍ അറിയിച്ചത്. എന്നാല്‍ അതിന് കൃത്യമായ ഡേറ്റ് പറയാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

അതേ സമയം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് 5ജിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം 2021 ഒക്ടോബറില്‍ നടത്താന്‍ സാധിക്കുമെന്നാണ് അറിയിക്കുന്നത്. മുന്‍കാലത്തെ കാലതാമസങ്ങള്‍ മനസിലാക്കി 5ജി നടപ്പിലാക്കാന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയുടെ നീക്കങ്ങള്‍ താഴെ തട്ടില്‍ എത്തിയില്ലെന്നും, ഇത് നിരാശജനകമാണെന്നും പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved