ചൈനീസ് ആപ്പുകളുടെ നിരോധനം: ബൈറ്റ്ഡാന്‍സിന് നഷ്ടം 6 ബില്യണ്‍ ഡോളര്‍

July 02, 2020 |
|
News

                  ചൈനീസ് ആപ്പുകളുടെ നിരോധനം: ബൈറ്റ്ഡാന്‍സിന് നഷ്ടം 6 ബില്യണ്‍ ഡോളര്‍

59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം ഇന്ത്യയിലും ലോക രാജ്യങ്ങളിലും ചൈനീസ് മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. ചൈനയുടെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനീസ് ആപ്പുകളുടെ നിരോധനം പ്രഖ്യാപിച്ചതോടെ ടിക് ടോക്കിന്റെയും ഹലോ ആപ്ലിക്കേഷന്റെയും മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് 6 ബില്യണ്‍ ഡോളര്‍ (45000 കോടി രൂപ) വരെ നഷ്ടമാകുമെന്നാണ് വിവരം.

മൊബൈല്‍ ആപ്ലിക്കേഷന്‍ അനാലിസിസ് കമ്പനിയായ സെന്‍സര്‍ ടവറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ടിക് ടോക്ക് 112 മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുവെന്നും ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ആളുകള്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസില്‍ ഡൗണ്‍ലോഡ് ചെയ്തതിന്റെ ഇരട്ടിയാണ് ഇന്ത്യയില്‍ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം.

ടിക് ടോക്ക്, ഷെയര്‍ഇറ്റ്, യുസി ബ്രൌസര്‍, ബൈഡു മാപ്പ്, ഹെലോ, എംഐ കമ്മ്യൂണിറ്റി, ക്ലബ് ഫാക്ടറി, വീചാറ്റ്, യുസി ന്യൂസ് എന്നിവയുള്‍പ്പെടെ ചൈന ബന്ധമുള്ള 59 ആപ്ലിക്കേഷനുകള്‍ ഇന്ത്യ തിങ്കളാഴ്ച നിരോധിച്ചു. ചൈനീസ് നിക്ഷേപകരുടെയും വ്യാപാരികളുടെയും ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് ഈ നീക്കമെന്ന് ഗ്ലോബല്‍ ടൈംസ് അറിയിച്ചു.

ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധത്തിനും സമഗ്രതയ്ക്കും ഭീഷണിയായ ആപ്ലിക്കേഷനുകളാണ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതെന്ന് ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിരുന്നു.

ആപ്പുകള്‍ വിലക്കുകയോ അവയുടെ ഉപയോഗം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണം എന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ലഡാക്കില്‍ ചൈനയുമായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരം ആപ്പുകള്‍ക്ക് മേല്‍ നടപടി സ്വീകരിക്കുന്നത് വേഗത്തിലാക്കിയത്.

Related Articles

© 2024 Financial Views. All Rights Reserved