
കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ ആറ് മലയാളികള്‍ ഇടംപിടിച്ചു. 640 കോടി ഡോളറിന്റെ (48,000 കോടി രൂപ) ആസ്തിയുമായി മുത്തൂറ്റ് കുടുംബമാണ് മലയാളികളില്‍ ഒന്നാമത്. വ്യക്തിഗത അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി മലയാളികളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 500 കോടി ഡോളറുമായി (37,500 കോടി രൂപ) അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ 38-ാം സ്ഥാനത്താണ് യൂസഫലി.
ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥും ഭാര്യ ദിവ്യയും (30,375 കോടി രൂപ), ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (30,225 കോടി രൂപ), ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (18,750 കോടി രൂപ), ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍. ദേശീയതലത്തില്‍ മുകേഷ് അംബാനി (9,270 കോടി ഡോളര്‍), ഗൗതം അദാനി (7,400 കോടി ഡോളര്‍), ശിവ് നാടാര്‍ (3,100 കോടി ഡോളര്‍) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.