ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്തുകൊണ്ട് റിലയന്‍സിന് ബിസിനസ്സ് വിറ്റു? കാരണം തുറന്ന് പറഞ്ഞ് കിഷോര്‍ ബിയാനി

October 17, 2020 |
|
News

                  ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്തുകൊണ്ട് റിലയന്‍സിന് ബിസിനസ്സ്  വിറ്റു? കാരണം തുറന്ന് പറഞ്ഞ് കിഷോര്‍ ബിയാനി

ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്തുകൊണ്ട് റിലയന്‍സിന് കച്ചവടം വിറ്റു? ഏവരും ഉറ്റുനോക്കുന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി. കൊവിഡ് കാലത്ത് 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്. കൊവിഡ് ഭീതിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും ബിസിനസിനെ സാരമായി ബാധിച്ചു. ആദ്യ മൂന്നു നാലു മാസം കൊണ്ടുതന്നെ കമ്പനിക്ക് 7,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായി. ഈ പ്രതിസന്ധി മറികടക്കാന്‍ മറ്റൊരു പോംവഴി മുന്നിലുണ്ടായിരുന്നില്ലെന്ന് ബിയാനി പറയുന്നു.

കഴിഞ്ഞ ഏഴു, എട്ടു വര്‍ഷങ്ങള്‍ക്കിടെ ഒട്ടനവധി ബിസിനസുകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. കൊവിഡ് കാലത്ത് ഇവയുടെ നടത്തിപ്പും ബാധ്യതയായി. ടാര്‍ഗറ്റിന്റെ 90 ശതമാനം നേടാന്‍ പര്യാപ്തമായിരുന്നു കമ്പനിയുടെ ബിസിനസ്. എന്നാല്‍ കൊവിഡ് സാഹചര്യം ആശങ്ക വിതയ്ക്കുന്ന ഇപ്പോള്‍ 70 ശതമാനം പോലും ടാര്‍ഗറ്റ് തികയ്ക്കാന്‍ കമ്പനിക്ക് സാധിക്കില്ല, ബിയാനി വെളിപ്പെടുത്തി. വരുംകാലം ചില്ലറ വ്യാപാരികള്‍ക്ക് കൂടുതല്‍ വെല്ലുവിളിയേകുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഓഗസ്റ്റിലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറ, മൊത്ത വ്യാപാര ബിസിനസ് ഏറ്റെടുത്തത്. ഇതിന് പുറമെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ്, വെയര്‍ഹൗസ് ബിസിനസും റിലയന്‍സ് വാങ്ങിയിട്ടുണ്ട്. 24,713 കോടി രൂപയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്നുള്ള ബിസിനസുകള്‍ ഏറ്റെടുക്കാന്‍ റിലയന്‍സ് ചിലവാക്കിയതും.

ധാരണയുടെ ഭാഗമായി ഫ്യൂച്ചര്‍ റീടെയിലിന് കീഴിലുള്ള ബിഗ്ബസാറും ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസ്‌കൗണ്ട് ശൃഖലയായ ബ്രാന്‍ഡ് ഫാക്ടറിയും ഇനി റിലയസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും. ഭക്ഷണം, പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന ഫ്യൂച്ചര്‍ കണ്‍സ്യൂമറും ഇനി റിലയന്‍സിന് കീഴില്‍ത്തന്നെ. ഇതേസമയം, ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സാമ്പത്തികകാര്യ, ഇന്‍ഷുറന്‍സ് ബിസിനസില്‍ റിലയന്‍സ് കൈകടത്തില്ല. ഇത് ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പുതന്നെ കൊണ്ടുനടക്കും.

നിലവില്‍ രാജ്യത്തെമ്പാടുമായി 1,550 സ്റ്റോറുകള്‍ ഫ്യൂച്ചര്‍ റീടെയിലിനുണ്ട്. ബിഗ്ബസാര്‍, എഫ്ബിബി, ഫുഡ്ഹാള്‍, ഈസിഡേ, ഹെറിറ്റേജ് ഫ്രെഷ്, ഡബ്ല്യുഎച്ച്സ്മിത്ത് എന്നിവ ഇതില്‍ ഉള്‍പ്പെടും. 354 സ്റ്റോറുകള്‍ ഫ്യൂച്ചര്‍ ലൈഫ്റ്റ്സ്‌റ്റൈല്‍ ഫാഷനും ഇന്ത്യയിലുണ്ട്. എന്തായാലും റിലയന്‍സില്‍ നിന്നുള്ള നിക്ഷേപം കടബാധ്യതകള്‍ തീര്‍ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ബിയാനിയെ സഹായിക്കും. നിലവില്‍ റിലയന്‍സുമായുള്ള കരാറിന് റെഗലേറ്ററി അനുമതി കാത്തുനില്‍ക്കുകയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്.

കഴിഞ്ഞയാഴ്ച്ച അമേരിക്കന്‍ ഓണ്‍ലൈന്‍ റീടെയില്‍ കമ്പനിയായ ആമസോണ്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് എതിരെ നിയമഹര്‍ജി നല്‍കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള 24,713 കോടി രൂപയുടെ കരാര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പും ആമസോണും തമ്മിലെ കരാര്‍ ലംഘിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷമാണ് ഫ്യൂച്ചര്‍ കൂപ്പോണ്‍സ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരിപ്പങ്കാളിത്തം ആമസോണ്‍ വാങ്ങിയത്. അന്നത്തെ ധാരണപ്രകാരം 3 മുതല്‍ 10 വര്‍ഷക്കാലയളവുകൊണ്ട് കൂപ്പോണ്‍സ് ലിമിറ്റഡിന്റെ കൈവശമുള്ള ഫ്യൂച്ചര്‍ റീടെയില്‍ ഓഹരികള്‍ വാങ്ങാന്‍ ആമസോണ്‍ അവകാശം നേടിയിരുന്നു. നിലവില്‍ ഫ്യൂച്ചര്‍ റീടെയിലിന്റെ 7.3 ശതമാനം ഓഹരികളാണ് ഫ്യൂച്ചര്‍ കുപ്പോണ്‍സിന്റെ പക്കലുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved