
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന സര്‍വ്വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് പണം നഷ്ടമായവര്‍ക്ക് ആശ്വാസ വാര്‍ത്ത. ടിക്കറ്റ് തുക ഇനത്തില്‍ യാത്രക്കാരുടെ 3,200 കോടി രൂപ വിമാനക്കമ്പനികള്‍ റീ ഫണ്ടായി നല്‍കി. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 74.3 ശതമാനം യാത്രക്കാരുടെ പണമാണ് റീഫണ്ടായി തിരികെ നല്കിയത്.
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 നും മേയ് 24നും ഇടയില്‍ റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കണമെന്ന് വിമാനക്കമ്പനികളോട് ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവില്‍ രാജ്യത്ത് ഷെഡ്യൂള്‍ ചെയ്ത എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും റദ്ദാക്കിയിരുന്നു
സുപ്രീം കോടതി ഉത്തരവനുസരിച്ച് മാര്‍ച്ച് 25നും മെയ് 24നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍, മാര്‍ച്ച് 21ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍, മെയ് 24ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി യാത്രക്കാരെ തരം തിരിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റീഫണ്ട് അനുവദിക്കുന്നത്. പട്ടികയിലെ അര്‍ഹിതപ്പെട്ടവര്‍ക്ക് മാത്രമാണ് റീഫണ്ട് ചെയ്യുക.
മാര്‍ച്ച് 25നും മെയ് 24നും ഇടയില്‍ വിമാന ടിക്കറ്റ് ബുക്കിങ് നടത്തിയ ആദ്യ വിഭാഗക്കാര്‍ക്കാണ് നിലവില്‍ മുഴുവന്‍ തുകയും നല്കിയിരിക്കുന്നത്. രണ്ടാം വിഭാഗത്തിലെ യാത്രക്കാര്‍ക്ക് 15 ദിവസത്തിനകം പണം തിരികെ നല്‍കുന്നതിന് എല്ലാ ശ്രമങ്ങളും എയര്‍ലൈനുകള്‍ നടത്തണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഭാഗത്തിലുള്ളവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ റീഫണ്ട് ലഭിച്ചേക്കും.
മൂന്നാമത്തെ വിഭാഗത്തില്‍പെട്ടവര്‍ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്കനുസരിച്ചായിരിക്കും തുക ലഭിക്കുക. സാമ്പത്തിക പ്രതിസന്ധി കാരണം ഏതെങ്കിലും എയര്‍ലൈനുകള്‍ക്ക് തുക തിരികെ നല്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ടിക്കറ്റ് തുകയ്ക്ക് തുല്യമായ ക്രെഡിറ്റ് ഷെല്‍ നല്കാമെന്നും അതുപയോഗിച്ച് 2021 മാര്‍ച്ച് 31വരെ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കിയിരുന്നു,
വിമാനക്കമ്പനികള്‍ 80 ശതമാനം വരെ ആഭ്യന്തര യാത്രകള്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മാര്‍ച്ച് 23 വരെ തുടരും. വന്ദേഭാരത് മിഷനു കീഴിലും എയര്‍ ട്രാവല്‍ ബബിളുകളിലും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിലവില്‍ നടത്തുന്നുണ്ട്.