ഇന്ത്യയിലെ 82 ശതമാനം തൊഴിലാളികളും ജോലി മാറ്റം ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്

January 18, 2022 |
|
News

                  ഇന്ത്യയിലെ 82 ശതമാനം തൊഴിലാളികളും ജോലി മാറ്റം ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്

ബെംഗളൂരു: കൊവിഡ് മഹാമാരിയ്ക്കിടയിലും, ജോലിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തിലാണ് ഇന്ത്യയിലെ തൊഴിലാളികള്‍. ഇതില്‍ 82 ശതമാനം പേര്‍ 2022-ല്‍ ജോലി മാറ്റുന്നത് പരിഗണിക്കുന്നുവെന്ന് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിന്റെ പുതിയ തൊഴിലന്വേഷക ഗവേഷണം പറയുന്നു.

2022-ല്‍ ജോലി മാറ്റുന്നത് പരിഗണിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് 1 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ള തൊഴിലാളികളാണ്. 1,111 പ്രൊഫഷണലുകളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി, തൊഴില്‍-ജീവിത ബാലന്‍സ് മോശമായത് (30%), ആവശ്യത്തിന് പണമില്ലാത്തത് (28%), അല്ലെങ്കില്‍ വലിയ തൊഴില്‍ അഭിലാഷങ്ങള്‍ (23%) എന്നിവ കാരണം ആളുകള്‍ അവരുടെ നിലവിലെ ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വേ കാണിക്കുന്നു. പുതുവര്‍ഷത്തില്‍ പുതിയ റോളുകള്‍ക്കായി തിരയുമ്പോള്‍, ഇന്ത്യയിലെ പ്രൊഫഷണലുകള്‍ പറയുന്നത് ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് ക്രമീകരണങ്ങള്‍ക്കാണ് മുന്‍ഗണന എന്നാണ്.

പ്രൊഫഷണലുകള്‍ ജോലിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരാണ്. എന്നാല്‍ 10 ല്‍ ഏഴ് പേരും അവരുടെ സ്വന്തം കഴിവിനെ സംശയിക്കുന്നു. ഇന്ത്യയിലെ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ ജോലി റോളുകള്‍ (45%), കരിയര്‍ (45%), മൊത്തത്തിലുള്ള തൊഴില്‍ ലഭ്യത (38%) എന്നിവ 2022-ല്‍ മെച്ചപ്പെടുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് ലിങ്ക്ഡ്ഇന്നിന്റെ ഗവേഷണം വെളിപ്പെടുത്തി. 86 ശതമാനം പേര്‍ പുതിയ തൊഴിലവസരങ്ങള്‍ക്കായി പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തങ്ങളുടെ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കുകളുടെ ശക്തിയെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു.

എന്നാല്‍ ഈ ആത്മവിശ്വാസമുണ്ടായിരുന്നിട്ടും, സര്‍വേ ഇന്ത്യയുടെ വൈകാരിക അനിശ്ചിതത്വത്തെ ഉയര്‍ത്തിക്കാട്ടുന്നു. 71 ശതമാനം പ്രൊഫഷണലുകളും പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ ഇപ്പോള്‍ ജോലിയിലെ തങ്ങളുടെ കഴിവുകളെ ചോദ്യം ചെയ്യുന്നതായി പറഞ്ഞു. അതേസമയം 63 ശതമാനം പേര്‍ ഇംപോസ്റ്റര്‍ സിന്‍ഡ്രോം ബാധിച്ചതായി പറഞ്ഞു. 33 ശതമാനം പ്രൊഫഷണലുകളും പാന്‍ഡെമിക് അവരുടെ ജോലിയിലുള്ള ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പറഞ്ഞു. കൊവിഡ് കാരണം ഏകദേശം രണ്ട് വര്‍ഷമായി ഒറ്റപ്പെട്ട് ജോലി ചെയ്യുന്നതിന്റെ ഒരു പ്രത്യാഘാതമായിയാണ് വിദഗ്ധര്‍ ഈ അഭിപ്രായങ്ങളെ വിലയിരുത്തുന്നത്. 2022-ല്‍ ഇന്ത്യയിലെ പ്രൊഫഷണലുകളെ അവരുടെ നിലവിലെ തൊഴിലുടമയ്ക്കൊപ്പം തുടരാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളില്‍ മികച്ച ശമ്പളം (42%), കൂടുതല്‍ വിലമതിപ്പ് (36%), മെച്ചപ്പെട്ട തൊഴില്‍-ജീവിത ബാലന്‍സ് (34%) എന്നിവ ഉള്‍പ്പെടുന്നു.

Read more topics: # LinkedIn,

Related Articles

© 2024 Financial Views. All Rights Reserved