കോവിഡ് കാലത്ത് വാങ്ങിയ 60000 വെന്റിലേറ്ററുകളില്‍ 96 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിച്ചവ

August 05, 2020 |
|
News

                  കോവിഡ് കാലത്ത് വാങ്ങിയ 60000 വെന്റിലേറ്ററുകളില്‍ 96 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിച്ചവ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കോവിഡ് കാലത്ത് വാങ്ങിയ 60000 വെന്റിലേറ്ററുകളില്‍ 96 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവ. വെന്റിലേറ്ററിനായി ചെലവഴിച്ച പണത്തില്‍ 90 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ക്കായാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതാണ് കണക്ക്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ആന്ധ്ര മെഡ്-ടെക് സോണ്‍ എന്നിവയാണ് ഇന്ത്യന്‍ വെന്റിലേറ്റര്‍ നിര്‍മ്മാണ രംഗത്ത് പ്രധാന പങ്ക് വഹിച്ച കമ്പനികള്‍. കൊവിഡ് കാലത്ത് ഇന്ത്യന്‍ വെന്റിലേറ്റര്‍ വിപണി വലിയ തോതില്‍ ശക്തിപ്രാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആഗോള വ്യാപാര രംഗത്ത് ഇന്ത്യന്‍ വെന്റിലേറ്ററുകള്‍ക്ക് പുതുജീവന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആകെ നിര്‍മ്മിച്ചത് 8510 വെന്റിലേറ്ററുകള്‍ മാത്രമാണ്. ഇതിന്റെ ആകെ മൂല്യം 444.74 കോടിയുമായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് കൂടുതല്‍ വെന്റിലേറ്ററുകള്‍ ആവശ്യമായി വന്നു. മാര്‍ച്ചില്‍ തദ്ദേശീയ കമ്പനികള്‍ വെന്റിലേറ്ററിന് ആവശ്യമായ സെന്‍സര്‍, പ്രഷര്‍ ട്രാന്‍സ്ഡ്യൂസര്‍, കണ്‍ട്രോള്‍ വാല്‍വ്, ടര്‍ബൈന്‍ തുടങ്ങിയവ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. അന്ന് വിദേശ സഹായം ഇല്ലാതെ വെന്റിലേറ്റര്‍ ഉല്‍പ്പാദനം സാധ്യമാകില്ലായിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം വാങ്ങിയ 60000 വെന്റിലേറ്ററുകളില്‍ 50000 എണ്ണം പ്രധാനമന്ത്രി കെയര്‍ ഫണ്ടില്‍ നിന്നാണ് വാങ്ങിയത്. രണ്ടായിരം കോടിയാണ് ഇതിനായി ആകെ ചെലവാക്കിയത്. രണ്ട് മാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിലേക്കുമായി 18000ത്തിലധികം വെന്റിലേറ്റര്‍ എത്തിച്ചു.

ഇതിന് പിന്നാലെ എല്ലാവിധ വെന്റിലേറ്ററുകളുടെയും കയറ്റുമതിക്കുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. ആഗോളതലത്തില്‍ വെന്റിലേറ്ററുകളുടെ ഇപ്പോഴത്തെ ദൗര്‍ലഭ്യം കണക്കിലെടുത്ത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ അവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. മാര്‍ച്ച് 24 നാണ് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് വെന്റിലേറ്റര്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കണമെന്ന ആവശ്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നയിച്ചു. ഇത് മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved