
ദില്ലി: ഇന്ത്യയില്‍ വിലക്കയറ്റം റെക്കോര്‍ഡ് കുറിക്കുന്നു. ചില്ലറ വ്യാപാരമേഖലയില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിലക്കയറ്റം ഇത്ര ഉയര്‍ന്ന നിരക്കിലെത്തുന്നത്. കഴിഞ്ഞ മാസത്തെ കണക്ക് അനുസരിച്ച് 5.54 % ആണ് നിരക്ക്. ഇത് ഒക്ടോബറില്‍ 4.62% ആയിരുന്നു. കേന്ദ്രസ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വരുംദിവസങ്ങളില്‍ പച്ചക്കറികള്‍ക്ക് വന്‍ വിലക്കയറ്റമായിരിക്കും ഉണ്ടാകുകയെന്നും വിവരമുണ്ട്.ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് രണ്ടക്കത്തിലെത്തിയെന്ന് ഡാറ്റകള്‍ അവകാശപ്പെടുന്നു. ഭക്ഷ്യവിലക്കയറ്റം ഒക്ടോബറില്‍ 7.89% ആയിരുന്നു. ഇത് നവംബറിലെത്തിയപ്പോള്‍ 10.01% ആയാണ് ഉയര്‍ന്നത്.
പച്ചക്കറികളുടെ വില 5.40%ത്തില്‍ നിന്ന് 36 % ആണ് ഉയര്‍ന്നത്. ഫ്രൂട്‌സ് വിഭാഗത്തില്‍ 0.83% ത്തില്‍ നിന്ന് 4.08% ഉയര്‍ന്നു. സെപ്തംബര്‍ മുതല്‍ പച്ചക്കറിക്ക് വന്‍ വിലക്കയറ്റമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉള്ളിവില അനിയന്ത്രിതമായി ഉയര്‍ന്ന സാഹചര്യം മറ്റ് അവശ്യവസ്തുക്കളിലേക്കും എത്തുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു വിധ ഇടപെടലും നടത്തുന്നില്ലെന്നും ആരോപണമുയര്‍ന്നു. വിപണിയില്‍ മാസങ്ങളായി കുതിച്ചുകൊണ്ടിരിക്കുന്ന ഉള്ളിവിലയ്ക്ക് തത്ക്കാലം ശമനമായിട്ടുണ്ട്.
ഇന്നലെ കേരളത്തിലെ വിപണിയില്‍ നാല്‍പത് രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. അതേസമയം മുരിങ്ങക്കായ,വെള്ളുള്ളി,ഇഞ്ചി തുടങ്ങി ചിലയിനം പച്ചക്കറികള്‍ക്ക് കുറഞ്ഞത് മുന്നൂറ് രൂപയോളമാണ് വില ഈടാക്കുന്നത്. നേരത്തെ വിപണിയില്‍ കിലോയ്ക്ക് മുപ്പത് രൂപാ മാത്രമായിരുന്നു മുരിങ്ങക്കായ വില. വരുംദിവസങ്ങളില്‍ മറ്റ് പച്ചക്കറികളുടെ വിലയിലും വന്‍കുതിപ്പുണ്ടാകും.