
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)ക്കുവേണ്ടി ഇന്റര്‍നാഷനല്‍ എയര്‍ ട്രാവല്‍ അസോസിയേഷന്‍ (ഐയാട്ട) കൈവശം വെച്ച 30 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരി കാനഡ കോടതി ഉത്തരവിനെ തുടര്‍ന്ന് 'ദെവാസ് മള്‍ട്ടിമീഡിയ' ഓഹരി ഉടമകള്‍ സ്വന്തമാക്കുന്നതിനെതിരെ എഎഐ നിയമസഹായം തേടും.
ക്യുബെക് കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും എഎഐക്കുവേണ്ടി സമാഹരിച്ച തുക മാറ്റുന്നത് തടയണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്ന് ഐയാട്ട ചില രേഖകള്‍ കൈമാറിയതായി എഎഐ വക്താവ് പറഞ്ഞു. എഎഐയുടെ ഓഹരി പിടിച്ചെടുത്ത വിവരം തിങ്കളാഴ്ചയാണ് ദെവാസ് മള്‍ട്ടിമീഡിയ' അറിയിച്ചത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പായ ദെവാസിന് ഐഎസ്ആര്‍ഒയുടെ വ്യാപാര കാര്യങ്ങളുടെ ചുമതലയുള്ള ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ നൂറുകോടിയിലധികം യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് 2020ല്‍ യുഎസ് കോടതി വിധിച്ചിരുന്നു.
2011ലെ ഉപഗ്രഹ ഇടപാട് റദ്ദാക്കിയതിന്റെ പേരിലായിരുന്നു ഇത്. തുടര്‍ന്ന്, പല കോടതികളിലും ഇന്റര്‍നാഷനല്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് നിയമ വ്യവസ്ഥകള്‍ മുന്‍നിര്‍ത്തി നഷ്ടപരിഹാരത്തിനായി കേസ് നടത്തുകയാണ് 'ദെവാസ്'. മുമ്പും ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലും യുഎസ് കോടതിയും മറ്റും ആന്‍ട്രിക്‌സ് 'ദെവാസി'ന് പണം നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.
എഎഐ എന്നാല്‍ ഇന്ത്യയുടെ സ്വന്തം സ്ഥാപനമാണെന്നതിനാലാണ് ഓഹരി മാറ്റുന്നതെന്ന് കാനഡ കോടതി പറഞ്ഞതായാണ് ദെവാസിന്റെ അവകാശവാദം. ദെവാസിന് ഇന്ത്യ നല്‍കേണ്ട തുക വാങ്ങിയെടുക്കാനായി ലോകമെമ്പാടുമുള്ള കോടതികളെ സമീപിക്കുമെന്ന് ഇവരുടെ ഓഹരി ഉടമകളുടെ പ്രധാന അഭിഭാഷകന്‍ പറഞ്ഞു.