വ്യോമസേനയ്ക്കായി ആകാശ് മിസൈലുകള്‍ എത്തിക്കുന്നത് 5000 കോടി രൂപ മുതല്‍മുടക്കില്‍; മിസൈലുകള്‍ വിന്യസിക്കുന്നത് പാക്കിസ്താന്‍-ചൈനാ അതിര്‍ത്തികളില്‍

September 06, 2019 |
|
News

                  വ്യോമസേനയ്ക്കായി ആകാശ് മിസൈലുകള്‍ എത്തിക്കുന്നത് 5000 കോടി രൂപ മുതല്‍മുടക്കില്‍;  മിസൈലുകള്‍ വിന്യസിക്കുന്നത് പാക്കിസ്താന്‍-ചൈനാ അതിര്‍ത്തികളില്‍

ഡല്‍ഹി : രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് മികച്ച മുന്നേറ്റം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ വേളയിലാണ് വ്യോമസേനയ്ക്കായി തദ്ദേശീയ മിസൈലുകള്‍ വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 5000 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രമാണ് (ഡിആര്‍ഡിഒ) മിസൈലുകള്‍ വികസിപ്പിക്കുന്നത്. ഇവ വാങ്ങുന്നതിനായി 5000 കോടി രൂപയുടെ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കി.

ചൈന, പാക്കിസ്താന്‍ എന്നീ അതിര്‍ത്തികളിലാകും മിസൈലുകള്‍ വിന്യസിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് നടപ്പാക്കുന്നതിന് കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ മുന്‍പാകെ നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു.  ഇന്ത്യ സ്വന്തമായി നിര്‍മിച്ച മധ്യദൂര കര-വ്യോമ മിസൈലാണ് ആകാശ്. സൂപ്പര്‍സോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷണല്‍ സിസ്റ്റമാണു പ്രത്യേകത.

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് ആകാശ്. നാഗ്, അഗ്‌നി, തൃശൂല്‍, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകള്‍. 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ കുതിക്കും.  യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 2015 ജൂലൈ 10നാണ് ആകാശ് മിസൈല്‍ വ്യോമസേനയുടെ ഭാഗമായത്.

2015 മേയ് 5ന് കരസേനയുടെയും ഭാഗമായി. ഇന്ത്യയില്‍ നിന്ന് ആകാശ് മിസൈലുകള്‍ വാങ്ങാന്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ശത്രുസേനയുടെ വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കാന്‍ കെല്‍പുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകളാണു വ്യോമസേനയ്ക്കു ലഭിക്കുക. നിലവില്‍ വ്യോമസേനയില്‍ ആകാശിന്റെ 8 സ്‌ക്വാഡ്രണുകളുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved