
തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാനസര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ.വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം.യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധമാണ്. 80 വയസ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല.
ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍ 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബ്ബന്ധമല്ല എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ മാര്‍ഗ്ഗ രേഖയില്‍ പറയുന്നു.
എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം.എന്നാല്‍, വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തി വിടൂ.അണുവിമുക്തമാക്കിയ ശേഷമാകും ലഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക.
എല്ലാ യാത്രക്കാരും നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിലൂടെ കടന്ന് പോകണം. വിമാനത്താവളത്തില്‍ ട്രോളികള്‍ അനുവദിക്കില്ല. എന്നാല്‍ അത്യാവശ്യം വേണ്ടവര്‍ക്ക് ട്രോളി ലഭിക്കും.പാദരക്ഷകള്‍ അണുവിമുക്തമാക്കന്‍ സോഡിയം ഹൈപ്പോക്‌ളോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കണം. വിമാനത്തവാളത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കാവൂ.സ്വന്തം വാഹനം അല്ലെങ്കില്‍ തെരെഞ്ഞെടുക്കപ്പെട്ട ടാക്‌സി, പൊതു ഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കു. വിമാനത്താവളത്തില്‍ എത്താനുള്ള സൗകര്യം ഒരുക്കേണ്ടത് സംസ്ഥാനക്കാരാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണം എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് വേണം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കേണ്ടത്. വിമാനങ്ങളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അഭിപ്രായപ്പെട്ടിരുന്നു. സീറ്റുകള്‍ ഒഴിച്ചിടുന്നത് ടിക്കറ്റ് നിരക്ക് മുപ്പത് ശതമാനത്തിലധികം ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാക്കുമെന്നതിനാലാണ് സീറ്റുകള്‍ ഒഴിച്ചിടാതെ വിമാനസര്‍വീസുകള്‍ നടത്താന്‍ മന്ത്രാലയം തീരുമാനിച്ചത്.