
കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നതിനുപകരം ദരിദ്രരുടെ കൈകളിലേക്ക് കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനായി സര്‍ക്കാര്‍ അടുത്ത ബജറ്റില്‍ ഫണ്ട് വകയിരുത്തണമെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. കോര്‍പ്പറേറ്റുകളുടെ പക്കല്‍ ഇപ്പോള്‍ തന്നെ ധാരാളം പണമുണ്ട്. എന്നാല്‍ ഡിമാന്റ് കുറഞ്ഞതാണ് നിക്ഷേപം കുറയാന്‍ കാരണം.നിങ്ങള്‍ ആളുകള്‍ക്ക് പണം നല്‍കിയാല്‍ അവര്‍ അത് ചെലവഴിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു. തീരുമാനങ്ങള്‍ ചുരുക്കം ചിലരുടെ കൈകളില്‍ പരിമിതപ്പെടുത്തിയാല്‍ അധികാര ദുര്‍വിനിയോഗം ഉണ്ടാകാമെന്നും പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ചും ബാനര്‍ജി പറഞ്ഞു.
ഇന്ത്യന്‍-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനര്‍ജിയും ഫ്രഞ്ച്-അമേരിക്കന്‍ വംശജയായ ഭാര്യ എസ്ഥര്‍ ഡുഫ്ലോയും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമറും ചേര്‍ന്നാണ് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചാണ് ധനവകുപ്പ്മന്ത്രാലയം തീരുമാനമെടുത്തത്. എന്നാല്‍ ഇത് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നാണ് മനസിലാകുന്നത്. ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുകയാണ് ശരിയായ നടപടിയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.