
അബുദാബി: അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ സാംസ്‌കാരിക, സര്‍ഗാത്മക വ്യവസായ മേഖലകളില്‍ ആറ് ബില്യണ്‍ ഡോളര്‍ (22 ബില്യണ്‍ ദിര്‍ഹം) നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് അബുദാബി. എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാനും പ്രതിഭകളെ എമിറേറ്റിലേക്ക് ആകര്‍ഷിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തി വര്‍ധിപ്പിക്കാന്‍ പുതിയ നിക്ഷേപം സഹായിക്കുമെന്നാണ് അബുദാബിയുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി സാംസ്‌കാരിക, സര്‍ഗാത്മക മേഖലകളില്‍ 8.5 ബില്യണ്‍ ദിര്‍ഹം ചിലവിട്ടതിന് ശേഷമാണ് 22 ബില്യണ്‍ ദിര്‍ഹം കൂടി ഈ മേഖലകള്‍ക്കായി മാറ്റിവെക്കാന്‍ അബുദാബി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സായിദ് നാഷണല്‍ മ്യൂസിയം, ഗഗ്ഗന്‍ഹീം അബുദാബി പോലുള്ള മ്യൂസിയങ്ങളുടെ നിര്‍മാണത്തിനും പെര്‍ഫോമിംഗ് ആര്‍ട്സ്, സംഗീതം, മാധ്യമരംഗം, ഗെയിമിംഗ് മേഖല എന്നീ മേഖലകളിലെ നിക്ഷേപത്തിനുമാണ് തുക ചിലവഴിക്കുകയെന്ന് അബുദാബിയിലെ സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) അറിയിച്ചു.
സാംസ്‌കാരിക മേഖലയിലെ പാരമ്പര്യമായ ഘടകങ്ങളെ ആധുനിക സര്‍ഗാത്മക മേഖലകളുമായി ഒന്നിപ്പിക്കുകയും വിവിധതലങ്ങളിലുള്ള ബിസിനസുകള്‍ക്കും സൃഷ്ടാക്കള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും ഇപ്പോഴും വരും വര്‍ഷങ്ങളിലും പുതിയ കണ്ടെത്തലുകള്‍ നടത്തി മുന്നേറാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയുമാണ് ഡിസിടി അബുദാബി ചെയ്യുന്നതെന്ന് ഡിസിടി ചെയര്‍മാന്‍ ആയ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.
നിലവില്‍ 20,000 ആളുകളാണ് എമിറേറ്റിലെ സാംസ്‌കാരിക, സര്‍ഗാത്മക വ്യവസായ മേഖലകളില്‍ തൊഴിലെടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം എത്തുന്നതോടെ പുതിയതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മള്‍ട്ടിമീഡിയ, ഗെയിമിംഗ് മേഖലകളില്‍ 160,000 പുതിയ തൊഴിലുകളാണ് ലക്ഷ്യമിടുന്നതെന്ന് ഡിസിടി അബുദാബിയിലെ അണ്ടര്‍ സെക്രട്ടറി സഊദ് അല്‍ ഹൊസ്നി പറഞ്ഞു. ആയിരക്കണക്കിന് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതോടെ ഈ മേഖലയുടെ സാമ്പത്തിക പങ്കാളിത്തം വന്‍തോതില്‍ ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.