അബുദാബിയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ എഡിക്യൂ ഫ്ളിപ്കാര്‍ട്ടില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും

June 15, 2021 |
|
News

                  അബുദാബിയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ എഡിക്യൂ ഫ്ളിപ്കാര്‍ട്ടില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും

അബുദാബി: അബുദാബിയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ എഡിക്യൂ ഫ്ളിപ്കാര്‍ട്ടില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സംഭവവുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വാള്‍മാര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാര്‍ട്ട് അടുത്ത വര്‍ഷം പദ്ധതിയിട്ടിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയ്്ക്ക് മുമ്പായി വിവിധ നിക്ഷേപകരില്‍ നിന്നായി മൂന്ന് ബില്യണ്‍ ഡോളറിലധികം സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

പുതിയ ധനസമാഹരണത്തിലൂടെ കമ്പനിയുടെ മൂല്യം 35 ബില്യണ്‍ ഡോളറിനും 40 ബില്യണ്‍ ഡോളറിനുമിടയിലേക്ക് എത്തിക്കാനാണ് ഫ്ളിപ്കാര്‍ട്ടിന്റെ പദ്ധതി. 2022ല്‍ പദ്ധതിയിട്ടിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുമ്പായി 3 ബില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്താനായിരുന്നു ഫ്ളിപ്കാര്‍ട്ടിന്റെ പദ്ധതിയെങ്കിലും നിക്ഷേപകരില്‍ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് ഇത് 3.75 ബില്യണ്‍ ഡോളറാക്കാനാണ് ഇപ്പോള്‍ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒരു ഇടപാടിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഫ്ളിപ്കാര്‍ട്ട്, എഡിക്യൂ പ്രതിനിധികള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, സിംഗപ്പൂരിലെ ജിഐസി, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് അടക്കമുള്ള നിക്ഷേപകരില്‍ നിന്നുമാണ് ഫ്ളിപ്കാര്‍ട്ട് ധനസമാഹരണത്തിന് ശ്രമിക്കുന്നതെന്ന് നേരത്തെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.യുഎഇയിലെ വലിയ സോവറീന്‍ ഫണ്ടുകളിലൊന്നായ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടിയും  ഇടപാടിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved