3 ബില്യണ്‍ ദിര്‍ഹം ലാഭം കൊയ്ത് അബുദാബി ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി

March 09, 2021 |
|
News

                  3 ബില്യണ്‍ ദിര്‍ഹം ലാഭം കൊയ്ത് അബുദാബി ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി

അബുദാബി: അബുദാബി ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്സി) 2020ല്‍ 3 ബില്യണ്‍ ദിര്‍ഹം ലാഭം കൊയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറിരട്ടി അധികമാണിത്. കഴിഞ്ഞ വര്‍ഷം കമ്പനി നടത്തിയ ഏറ്റെടുക്കലുകളും വിവിധ മേഖലകളിലുണ്ടായ നിക്ഷേപ വളര്‍ച്ചയുമാണ് ലാഭത്തില്‍ പ്രതിഫലിച്ചതെന്ന് കമ്പനി അറിയിച്ചു.

2019ലെ 1.26 ബില്യണ്‍ ദിര്‍ഹത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനം 7 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു. ആരോഗ്യ സംരക്ഷണം, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, കാര്‍ഷികം, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ തുടങ്ങി നിരവധി മേഖലകളിലേക്ക് കഴിഞ്ഞ വര്‍ഷം കമ്പനി പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയിരുന്നു. മാത്രമല്ല, വളര്‍ച്ചയുടെ ദിശയിലുള്ള കമ്പനികളില്‍ ന്യൂനപക്ഷ ഓഹരികളും ഐഎച്ച്സി സ്വന്തമാക്കിയിരുന്നു.കാലിഫോര്‍ണിയ ആസ്ഥാനമായ പ്രമുഖ എയറോസ്പേസ് കമ്പനിയായ സ്പെയ്സ് എക്സില്‍ സ്വകാര്യ ഇക്വിറ്റി ഫണ്ട് മുഖേനയും യുകെ ആസ്ഥാനമായ ഡിഎന്‍എ സീക്വന്‍സിംഗ് കമ്പനിയായ നാനോപോര്‍ ടെക്നോളജീസിലും ന്യൂയോര്‍ക്കിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ യീല്‍ഡ്മോയിലും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്)യിലും ഐഎച്ച്സി ഓഹരി നിക്ഷേപം നടത്തിയിരുന്നു.   

നിക്ഷേപം, പുനഃസംഘടന, ഏകീകരണം, വൈവിധ്യവല്‍ക്കരണം, ഓഹരി പിന്‍വലിക്കല്‍ തുടങ്ങിയ നയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഐഎച്ച്സിയുടെ പ്രവര്‍ത്തനം. വ്യാവസായികം, കാപ്പിറ്റല്‍, ഡിജിറ്റല്‍, ഫുഡ്, യുട്ടിലീറ്റീസ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ആറോളം മേലകളിലായി 25 കമ്പനികളിലാണ് നിലവില്‍ ഐഎച്ച്സിക്ക് സാന്നിധ്യമുള്ളത്. ഈ വര്‍ഷം വിദ്യാഭ്യാസം, വിനോദം, റീറ്റെയ്ല്‍, കാര്‍ഷികം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിലേക്കും ഐഎച്ച്സി പ്രവര്‍ത്തനം വ്യാപിപ്പിക്കും.

2019ലെ 4 ബില്യണ്‍ ദിര്‍ഹത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് കീഴിലുള്ള ആസ്തികളുടെ മൂല്യം 14 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. തന്ത്രപ്രധാന ഏറ്റെടുക്കലുകളും നിക്ഷേപങ്ങളുമാണ് ലാഭം ഉയരാനുള്ള പ്രധാന കാരണങ്ങളെങ്കിലും ഉപകമ്പനികള്‍ 165 ശതമാനത്തോളം വരുമാന വളര്‍ച്ച നേടിയതും ലാഭത്തെ സ്വാധീനിച്ചതായി ഐഎച്ച്സിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സയിദ് ബസര്‍ ഷുഹെഹ് പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved