
അബുദാബി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മൂല്യത്തകര്‍ച്ച മുതലെടുത്ത് അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപത്തിനൊരുങ്ങി അബുദാബി ആസ്ഥാനമായ നിക്ഷേപ കമ്പനി വഹ കാപ്പിറ്റല്‍. വരും മാസങ്ങളില്‍ ഓഹരികള്‍, പ്രത്യേകിച്ച് അമേരിക്കന്‍ ഓഹരികള്‍ വാങ്ങുന്നതിനായി 200 മില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്ന് വഹ കാപ്പിറ്റല്‍ സിഇഒ അമര്‍ അല്‍ മെന്‍ഹലി പറഞ്ഞു. മികച്ച പണലഭ്യത ഉള്ളതിനാല്‍ വായ്പയെടുക്കാതെ തന്നെ ഓഹരികള്‍ വാങ്ങാന്‍ കമ്പനിക്ക് സാധിക്കുമെന്നും മെന്‍ഹലി കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിലത്തകര്‍ച്ച കാരണം അമേരിക്കന്‍ കമ്പനികളില്‍, പ്രത്യേകിച്ച് ലിസ്റ്റ് ചെയ്ത കമ്പനികളില്‍ മികച്ച നിക്ഷേപ അവസരങ്ങള്‍ ഉണ്ടെന്ന് മെന്‍ഹലി പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ബിസിനസുകള്‍ക്ക് തിരിച്ചടിയായതോടെ ആഗോള ഓഹരിവിപണികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. എസ് ആന്‍ഡ് പി 500 ഓഹരികള്‍ക്ക് ഈരമ വര്‍ഷം 11 ശതമാനത്തിലധികം വിലത്തകര്‍ച്ചാണ് നേരിടേണ്ടി വന്നത്. ഈ ആഴ്ചയോ അടുത്ത ആഴ്ചയോ ആദ്യ നിക്ഷേപം പൂര്‍ത്തിയാകുമെന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ മെന്‍ഹലി പറഞ്ഞു.
ഏതാണ്ട് 3.6 ബില്യണ്‍ ഡോളറിന്റെ ആസ്തികളാണ് വഹ കാപ്പിറ്റല്‍ കൈകാര്യം ചെയ്യുന്നത്. ഡിസംബറില്‍ ന്യൂയോര്‍ക്കില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എയര്‍കാപ് ഹോള്‍ഡിംഗ് എന്‍വിയുടെ ഓഹരികള്‍ വിറ്റതിലൂടെ ലഭിച്ച 900 മില്യണ്‍ ദിര്‍ഹം ചില കടബാധ്യതകള്‍ തീര്‍ക്കുന്നതിനും ബാക്കി നിക്ഷേപം നടത്തുന്നതിനുമായി വിനിയോഗിക്കുമെന്ന് സിഇഒ അറിയിച്ചു.ഹെല്‍ത്ത്കെയര്‍, ടെക്നോളജി, ടെലികോം മേഖലകളിലുള്ള ആറോളം അമേരിക്കന്‍ കമ്പനികളിലായി 120 മുതല്‍ 150 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടത്താനാണ് വഹയുടെ പദ്ധതി.