ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നു; ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് വില ഉയരും

January 10, 2022 |
|
News

                  ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നു; ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് വില ഉയരും

ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതുവര്‍ഷം ഇലക്ട്രിക് ഗൃഹോപകരണങ്ങള്‍ക്ക് വില ഉയര്‍ന്നിരുന്നു. ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും വില ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മാതാക്കള്‍. വാഷിംഗ് മെഷീനുകള്‍ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെ വില ഉയരും.

പാനസോണിക്, എല്‍ജി, ഹയര്‍ തുടങ്ങിയ കമ്പനികള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളൊക്കെ ഈ പാദത്തില്‍ തന്നെ വില ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ്. ജനുവരി- മാര്‍ച്ച് കാലയളവില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 5-7 ശതമാനം വില വര്‍ധിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (സിഇഎഎംഎ) അറിയിച്ചിട്ടുണ്ട്. ഹയര്‍ എസി, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ മുതലായവയ്ക്ക് 3-5 ശതമാനം വില വര്‍ധിപ്പിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും ചരക്ക് ഗതാഗതം ചെലവേറിയതുമാണ് വിലവര്‍ധനവിനുള്ള കാരണമായി ഹയര്‍ ചൂണ്ടിക്കാട്ടിയത്.

അടുത്ത ഘട്ട വില വര്‍ധനവിന് ഒരുങ്ങുകയാണ് പാനസോണിക്കും. നേരത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് 8 ശതമാനം വിലയാണ് പാനസോണിക്ക് ഉയര്‍ത്തിയത്. രാജ്യത്തെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നായ എല്‍ജി ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വിലക്കൂട്ടും എന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ വില ഉയര്‍ത്തുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സോണിയും ഗോദ്റേജും അറിയിച്ചു. പല കമ്പനികളും ഉത്സവകാലമായിരുന്നതിനാല്‍ വില ഉയര്‍ത്താതെ പിടിച്ചു നില്‍ക്കുകയായിരുന്നു. ഡിമാന്‍ഡ് ഉയരുകയും ചെലവ് കുറയുകയും ചെയ്താല്‍ അടുത്ത സാമ്പത്തിക വര്‍ഷം കമ്പനികള്‍ വില കുറയ്ക്കുമെന്നും സിഇഎഎംഎ വ്യക്തമാക്കി.

Read more topics: # Electric equipment,

Related Articles

© 2025 Financial Views. All Rights Reserved