
കൊവിഡ് -19 പ്രതിസന്ധിയെത്തുടര്‍ന്ന് ടെക് ഭീമന്‍ ആക്‌സെഞ്ചര്‍ ആഗോളതലത്തില്‍ 5 ശതമാനമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂവിനോട് പറഞ്ഞു. ചൊവ്വാഴ്ച എ.എഫ്.ആര്‍ റിപ്പോര്‍ട്ടില്‍, ആഭ്യന്തര ആഗോള സ്റ്റാഫ് മീറ്റിംഗില്‍ സി.ഇ.ഒ ജൂലി സ്വീറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. സബ് കോണ്‍ട്രാക്ടര്‍മാരെ വെട്ടിക്കുറച്ചിട്ടും പുതിയ നിയമനം നിര്‍ത്തിവച്ചിട്ടും, മഹാമാരി പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കേണ്ട സ്ഥിതിയിലാണ്.
ഒരു സാധാരണ വര്‍ഷത്തില്‍, കമ്പനി ഏകദേശം 5 ശതമാനം ആളുകളെ മാറ്റി പുതിയ നിയമനം നടത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷവും അഞ്ച് ശതമാനം ആളുകളെ പിരിച്ചുവിടുമെങ്കിലും നിയമനം നടക്കാന്‍ സാധ്യതയില്ല. ഇന്ത്യയില്‍ ആക്‌സെഞ്ചറിന് രണ്ട് ലക്ഷത്തിലധികം ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ 5% ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കുറഞ്ഞത് 10,000 പേര്‍ക്ക് ഇന്ത്യയില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ഓരോ വര്‍ഷവും, ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ആളുകളെ പുറത്താക്കാറുണ്ട്. ഈ വര്‍ഷം, ബിസിനസ്സിന്റെ എല്ലാ ഭാഗങ്ങളിലും കരിയറിലെ എല്ലാ തലങ്ങളിലും, ഏകദേശം 5% ആളുകളെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുകയും ഈ വ്യക്തികള്‍ ആക്‌സെഞ്ചറില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്ന് ഇന്ത്യയിലെ ആക്‌സെഞ്ചര്‍ ഓഫീസ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ക്ലൈന്റുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ഇത് ആവശ്യമാണെന്നും കമ്പനി അറിയിച്ചു.
പിരിച്ചുവിടലുകള്‍ക്കിടയിലും ബോണസും പ്രമോഷനുകളും ഉള്ള നിരവധി ആളുകളെ അടുത്തിടെ കമ്പനി തിരഞ്ഞെടുത്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് ലക്ഷത്തിലധികം ജീവനക്കാര്‍ ഉള്ളതിനാല്‍ ലോകമെമ്പാടും 25,000 പേരെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.