
ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ അനന്തമായ ഡിജിറ്റല്‍ സാധ്യതകള്‍ വെളിപ്പെടുത്തിയ യുവ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആക്കോ. ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ ബെംഗളൂരു കേന്ദ്രമായ ആക്കോയ്ക്ക് പിടിമുറുക്കാന്‍ ഏറെ സമയമൊന്നും വേണ്ടി വന്നില്ല. നിലവില്‍ 6 കോടിയില്‍പ്പരം ഉപഭോക്താക്കളുണ്ട് കമ്പനിക്ക്. 65 കോടിയില്‍പ്പരം പോളിസികളും ആക്കോ നല്‍കിക്കഴിഞ്ഞു. ആമസോണ്‍, ആര്‍പിഎസ് വെഞ്ച്വേഴ്സ്, ഇന്‍ടാക്ട് വെഞ്ച്വേഴ്സ് ഉള്‍പ്പെടെയുള്ള വലിയ കമ്പനികള്‍ നടത്തിയ നിക്ഷേപം ആക്കോയുടെ കുതിപ്പില്‍ നിര്‍ണായകമായത് കാണാം.
ഇപ്പോള്‍ ആക്കോയ്ക്ക് പുതിയൊരു നിക്ഷേപകനെ കൂടി ലഭിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ റീഇന്‍ഷുറന്‍സ് കമ്പനിയായ മ്യൂണിക് റീ വെഞ്ച്വേഴ്സാണ് കമ്പനിയില്‍ താത്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞദിവസം നടന്ന സീരീസ് ഡി ഫൈനാന്‍സിങ് റൗണ്ടില്‍ മ്യൂണിക് റീ വെഞ്ച്വേഴ്സിന്റെ പിന്തുണയാല്‍ 6 കോടി ഡോളര്‍ സമാഹരിക്കാന്‍ ആക്കോയ്ക്ക് കഴിഞ്ഞു. ഇതോടെ പുതിയ റൗണ്ടില്‍ മൊത്തം 20 കോടി ഡോളര്‍ നിക്ഷേപം ഉയര്‍ത്താന്‍ കമ്പനിക്കായി. ഈ പശ്ചാത്തലത്തില്‍ മൂന്നുവര്‍ഷം പഴക്കമുള്ള ആക്കോയുടെ ഇപ്പോഴത്തെ മൊത്തം വിപണി മൂല്യം 50 കോടി ഡോളറില്‍ വന്നുനില്‍ക്കുകയാണ്.
ഇന്ത്യയില്‍ ചെറിയ നിരക്കിന് വാഹന ഇന്‍ഷുറന്‍സ് നല്‍കിക്കൊണ്ടാണ് ആക്കോയുടെ രംഗപ്രവേശം. സ്വകാര്യ വാഹന ഉടമകളെക്കാളുപരി ടാക്സി മേഖലയിലും ഗതാഗതവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും കമ്പനി ശ്രദ്ധചെലുത്തി. ആക്കോയുടെ ബജറ്റ് നിരക്കിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ അതിവേഗമാണ് ഇന്ത്യയില്‍ പ്രചാരം നേടിയത്. വിപണിയിലെത്തി ആറുമാസംകൊണ്ട് കമ്പനി ആരോഗ്യപരിരക്ഷാ പോളിസികളും നല്‍കാന്‍ തുടങ്ങി. പ്രധാനമായും ബിസിനസുകള്‍ക്കാണ് ആക്കോയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ അനുയോജ്യമാവുന്നത്. നിലവില്‍ വിവിധ കമ്പനികളിലെ ഒന്നരലക്ഷത്തില്‍പ്പരം ജീവനക്കാര്‍ ആക്കോയുടെ ആരോഗ്യപരിരക്ഷാ പോളിസി നേടിയിട്ടുണ്ട്. നിലവില്‍ മറ്റു കമ്പനികളുമായി നേരിട്ട് സഹകരിച്ചാണ് ആക്കോ ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നത്.
ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യവസായം പൂര്‍ണതോതില്‍ വ്യാപിച്ചിട്ടില്ലെന്നാണ് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ പറയുന്നത്. 2017 -ലെ കണക്കുകള്‍ പ്രകാരം മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നത്. ലോകബാങ്കിന്റെ പഠനത്തില്‍ ഒരു ശരാശരി ഇന്ത്യക്കാരന്‍ പ്രതിവര്‍ഷം 2,100 ഡോളര്‍ സമ്പാദിക്കുന്നുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായി 50 ഡോളറില്‍ത്താഴെ മാത്രം ചിലവിടാനാണ് ഭൂരിപക്ഷംപേരും തയ്യാറാകുന്നത്.