
കൊച്ചി: രാജ്യത്തെ അച്ചടി മാധ്യമങ്ങളില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചത് 16,595 കോടി രൂപയുടെ പരസ്യം. 2020ലെ 11,925 കോടിയില്‍ നിന്ന് 39 ശതമാനം വളര്‍ച്ച. ഇക്കൊല്ലം 13 ശതമാനം വളര്‍ച്ചയോടെ അച്ചടി മാധ്യമപ്പരസ്യം 18,750 കോടി രൂപയുടേതാകുമെന്നും പിച്ച് മാഡിസന്‍ ഏജന്‍സി തയാറാക്കിയ അഡ്വര്‍ടൈസിങ് ഔട്ലുക് റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തു പരസ്യത്തിനായി ചെലവിട്ട മൊത്തം തുകയുടെ 22 ശതമാനം അച്ചടി മാധ്യമങ്ങള്‍ക്കാണ്. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം പരസ്യത്തിനായി ആകെ ചെലവിട്ടത് 74,231 കോടി രൂപയാണ്. ഇക്കൊല്ലം ഇത് 20 ശതമാനം വര്‍ധിച്ച് 90,000 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിവേഗ വില്‍പനയുള്ള ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ഇകൊമേഴ്‌സ്, പുതുതലമുറ കമ്പനികള്‍ എന്നീ മേഖലകളില്‍ നിന്നാണ് ഏറ്റവുമധികം പരസ്യങ്ങള്‍.
ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ പരസ്യ ഇടം 30 ശതമാനം ഉയര്‍ന്നപ്പോള്‍, തെലുങ്ക് പ്രസിദ്ധീകരണങ്ങള്‍ 37 ശതമാനം, അസമീസ്, മറാഠി 33 ശതമാനം വീതവും ബംഗാളി പ്രസിദ്ധീകരണങ്ങള്‍ 27 ശതമാനവും അതിവേഗം വളര്‍ന്നു. പരമ്പരാഗത മാധ്യമങ്ങള്‍ 31 ശതമാനം വളര്‍ന്നപ്പോള്‍ ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ച 50 ശതമാനം ആയിരുന്നു. പതിനഞ്ച് നവയുഗ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം മികച്ച 50 പരസ്യദാതാക്കളുടെ പട്ടികയില്‍ പ്രവേശിച്ചതായി പിച്ച് മാഡിസണ്‍ റിപ്പോര്‍ട്ട് പറയുന്നു.