
വിശാഖപട്ടണം: ഇന്ത്യയിലെ തുറമുഖ മേഖല കുറച്ച് കാലമായി അദാനി ഗ്രൂപ്പ് കൈപ്പിടിയില്‍ ഒതുക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തുറമുഖ വ്യവസായ മേഖലയുടെ വലിയൊരു ഭാഗവും ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. ആന്ധ്ര പ്രദേശിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഗംഗാവരം പോര്‍ട്ട് അദാനി ഏറ്റെടുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. 58.1 ശതമാനം ഓഹരികളാണ് അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് ഇപ്പോള്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ ഇതോടെ ഭൂരിപക്ഷ ഓഹരികളും അദാനിയുടെ കൈവശമാകും.
ആന്ധ്രയുടെ വടക്കന്‍ മേഖലയിലുള്ള തുറമുഖമാണ് ഗംഗാവരം തുറമുഖം. വിശാഖപട്ടണത്തിന് അടുത്താണിത്. സര്‍ക്കാര്‍ ഇളവുകളോടെ സ്ഥാപിച്ച തുറമുഖത്തിന് ഈ ഇളവുകള്‍ 2059 വരെ ലഭ്യമാണ്. ഗംഗാവരം തുറമുഖത്തിന്റെ ഡിവിഎസ് രാജു ആന്റ് ഫാമിലിയുടെ കൈവശമുള്ള 58.1 ശതമാനം ഓഹരികളാണ് അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് വാങ്ങുന്നത്. മൊത്തം 3,604 കോടിയുടെ ഇടപാട് ആണ് ഇത് എന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.
ഈ ഇടപാട് കൂടി നടക്കുമ്പോള്‍ ഗംഗാവരം തുറമുഖത്തിന്റെ 89.6 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ കൈവശമാകും. ഈ മാസം തുടക്കത്തില്‍ തുറമുഖത്തിന്റെ 31.5 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. വാര്ഡബര്‍ പിങ്കസില്‍ നിന്നാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്. ആന്ധ്ര പ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ നോണ്‍- മേജര്‍ തുറമുഖമാണ് ഗംഗാവരം. 64 എംഎംടി ആണ് കപ്പാസിറ്റി. എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തന സജ്ജമായ തുറമുഖമാണിത്. വ്യാപര മേഖലയില്‍ ഏറെ നിര്‍ണായകമായ തുറമുഖങ്ങളില്‍ ഒന്നാണിത്.
ഈ മാസം അദാനി ഗ്രൂപ്പ് വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ശ്രീലങ്കയിലെ കൊളംബോയില്‍ തുറമുഖ ടെര്‍മിനല്‍ നിര്‍മാണ കരാറില്‍ അദാനി ഗ്രൂപ്പ് പങ്കാളിയായത്. അദാനി ഗ്രൂപ്പിന്റെ ആദ്യ വിദേശ കരാര്‍ ആയിരുന്നു അത്. ശ്രീലങ്കയിലാണ് അദാനി ഗ്രൂപ്പിന്റെ അടുത്ത വമ്പന്‍ പദ്ധതി. 750 ദശലക്ഷം ഡോളറിന്റെ തുറമുഖ നിര്‍മാണത്തിലാണ് അദാനി ഗ്രൂപ്പ് പങ്കാളിയാകുന്നത്. ശ്രീലങ്കയിലെ ഏറ്റവും വലിയ കണ്‍ഗ്ലോമറേറ്റ് ആയ ജോണ്‍ കീല്‍സ് ഹോള്‍ഡിങ്‌സ് പിഎല്‍സിയുമായി ചേര്‍ന്നാണിത്.