
ന്യൂഡല്‍ഹി: ബെംഗളുരു ആസ്ഥാനമായുള്ള കാര്‍ഷിക ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പായ ജനറല്‍ ഏയ്റോനോട്ടിക്സ് റോബോട്ടിക്സിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ട് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്. അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയാണ് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ അനലിറ്റിക്സും ഉപയോഗിച്ച് സാങ്കേതികവിദ്യ പ്രാപ്തമാക്കിയ വിള സംരക്ഷണ സേവനങ്ങള്‍, വിളകളുടെ ആരോഗ്യ നിരീക്ഷണം, വിളവ് നിരീക്ഷണ സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഡ്രോണുകള്‍ വികസിപ്പിക്കുന്നതില്‍ ജനറല്‍ എയറോനോട്ടിക്സ് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
നയങ്ങളുടെ ആവിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഡ്രോണ്‍, ഡ്രോണ്‍ സേവന വിപണി അതിവേഗം വളര്‍ന്ന് 2026-ഓടെ 30,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസുമായി കരാറില്‍ ഏര്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ജനറല്‍ ഏയ്റോനോട്ടിക്സ് സിഇഒ അഭിഷേക് ബര്‍മന്‍ പറഞ്ഞു.