ഏറ്റെടുപ്പുകള്‍ക്കൊപ്പം കുതിച്ചുകയറി കടവും; അദാനി ഗ്രൂപ്പിന്റെ ബാധ്യത 2.2 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു

May 17, 2022 |
|
News

                  ഏറ്റെടുപ്പുകള്‍ക്കൊപ്പം കുതിച്ചുകയറി കടവും;   അദാനി ഗ്രൂപ്പിന്റെ ബാധ്യത 2.2 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു

ഏറ്റെടുക്കലുകളിലൂടെയും പുതിയ മേഖലകള്‍ പ്രവേശിച്ചും അദാനി ഗ്രൂപ്പ് ബിസിനസ് വ്യാപിപ്പിക്കുകയാണ്. കടം വാങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പിന്റെ ബാധ്യത, മാര്‍ച്ച് അവസാനത്തോടെ 2.2 ട്രില്യണ്‍ രൂപയാക്കി ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. ക്യാപിറ്റലൈന്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍വര്‍ഷം 1.57 ട്രില്യണായിരുന്നു അദാനി ഗ്രൂപ്പിന്റെ മൊത്തം കടബാധ്യത. ഒരു വര്‍ഷം കൊണ്ട് കടം 42 ശതമാനം ഉയര്‍ന്നു. ഗ്രൂപ്പിന്റെ ഡെബ്റ്റ്-ടു-ഇക്വിറ്റി അനുപാതം നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മുന്‍വര്‍ഷത്തെ 2.02ല്‍ നിന്ന് 2.36ലേക്ക് ഡെബ്റ്റ്-ടു-ഇക്വിറ്റി അനുപാതം ഉയര്‍ന്നു. 2018-19 ഈ അനുപാതം 1.98 എന്ന നിലയിലായിരുന്നു.

മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ കൈയ്യിലുള്ള പണവും ബാങ്ക് ബാലന്‍സും 26,989 കോടി രൂപയുടേതാണ്. രാജ്യത്തെ മുന്‍നിര ബിസിനസ് ഗ്രൂപ്പുകളില്‍ ഏറ്റവും അധികം ബാധ്യതയുള്ളവരുടെ പട്ടികയിലാണ് അദാനി. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍ എന്നീ കമ്പനികളുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാപിറ്റലൈന്‍ വിവരങ്ങള്‍ തയ്യാറാക്കിയത്.

മീഡിയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 49 ശതമാനം ആയി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ആദാനി ഗ്രൂപ്പ്. സ്വിസ് കമ്പനി ഹോള്‍സിമിന് ഇന്ത്യയിലുള്ള രണ്ടു സിമന്റ് കമ്പനികളും (എസിസി, അംബുജ) സ്വന്തമാക്കുകയാണ് അദാനി ഗ്രൂപ്പ്. ഓപ്പണ്‍ ഓഫറിനു വേണ്ടി വരുന്നതടക്കം 1050 കോടി ഡോളര്‍ മുടക്കിയാണ് ഇവ വാങ്ങുക. 2022 മാര്‍ച്ചില്‍ ടാറ്റ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ കടം 3.35 ട്രില്യണ്‍ രൂപയായിരുന്നു. ടാറ്റയുടെ ഡെബ്റ്റ്-ടു- ഇക്വിറ്റി അനുപാതം 1.01 ആണ്. 2.82 ട്രില്യണ്‍ രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടം. 0.36 ആണ് റിലയന്‍സിന്റെ ഡെബ്റ്റ്-ടു-ഇക്വിറ്റി അനുപാതം.

Related Articles

© 2022 Financial Views. All Rights Reserved