
അഹമ്മദാബാദ്: ഡിജിറ്റല്‍ ബിസിനസ് രംഗത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. ഡിജിറ്റല്‍ ബിസിനസിലേക്ക് വന്‍തോതില്‍ ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പ്. ഇതിന്റെ തുടക്കമെന്ന നിലയില്‍ പല സേവനങ്ങള്‍ ഒറ്റക്കുടക്കീഴിലാക്കുന്ന 'സൂപ്പര്‍ ആപ്പ്' എന്ന പേരില്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ബിസിനസ് കെട്ടിപ്പടുക്കാനായി അദാനി ഡിജിറ്റല്‍ ലാബ്‌സ് എന്ന പേരില്‍ പുതിയ ഡിവിഷന് കമ്പനി തുടക്കം കുറിച്ചു.
80ഓളം ജീവനക്കാരാണ് ഡിജിറ്റല്‍ ലാബ്‌സില്‍ പ്രാരംഭ ഘട്ടത്തില്‍ ജോലി ചെയ്യുന്നത്. ഇവരുമായി കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ഗൗതം അദാനി ചര്‍ച്ച നടത്തി. ഡിജിറ്റല്‍ ലോകത്തിന്റെ ഫെരാരി നിര്‍മിക്കണമെന്ന് അദ്ദേഹം ജീവനക്കാരോട് ആഹ്വാനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമുള്ള വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്ന ആപ്പ് ഡിസൈന്‍ ചെയ്യുകയാണ് ലക്ഷ്യം. പണം അയയ്ക്കാനും ടാക്‌സി ബുക്ക് ചെയ്യാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുമൊക്കെ സാധിക്കുന്ന ഒറ്റ ആപ്പാണ് കമ്പനി മുന്നില്‍ കാണുന്നത്.
ആദ്യ ഘട്ടത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും ഒരൊറ്റ കുടക്കീഴില്‍ ഒരുക്കാനാണ് പദ്ധതി. ഡിജിറ്റല്‍ ലാബ്‌സ് വന്‍തോതില്‍ നിയമനത്തിനൊരുങ്ങുകയാണ്. ഗ്രൂപ്പിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി നിഥിന്‍ സേഥി ഈയിടെ നിയമിതനായി. ഗൗതം അദാനിയുടെ സഹോദര പുത്രന്‍ സാഗര്‍ അദാനി, ഗൗതം അദാനിയുടെ മകന്‍ ജീത്ത് അദാനി എന്നിവരാണ് ഡിജിറ്റല്‍ ബിസിനസിന് നേതൃത്വം നല്‍കുന്നത്.
പല സേവനങ്ങളും ഉത്പന്നങ്ങളും ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കുന്ന ആപ്പിനെയാണ് 'സൂപ്പര്‍ ആപ്പ്' എന്നു വിശേഷിപ്പിക്കുന്നത്. ചൈനയിലെ 'വീ ചാറ്റി'ലൂടെ സന്ദേശങ്ങള്‍ കൈമാറുന്നതിനൊപ്പം, പണം കൈമാറാനും ടാക്സി ബുക്ക് ചെയ്യാനും ഉത്പന്നങ്ങള്‍ വാങ്ങാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുമൊക്കെ പറ്റും. ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പും ഇത്തരത്തില്‍ സൂപ്പര്‍ ആപ്പ് വികസിപ്പിച്ചു വരുന്നുണ്ട്.