ഏറ്റവും മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ ഇടംനേടി അദാനി പവര്‍

April 23, 2022 |
|
News

                  ഏറ്റവും മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ ഇടംനേടി അദാനി പവര്‍

ഓഹരി വില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ ഇടംനേടി അദാനി പവര്‍. ഒരു മാസത്തിനിടെ 99 ശതമാനത്തിന്റെ വര്‍ധനവാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ഇലക്ട്രിക് യൂട്ടിലിറ്റീസ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പവര്‍ വെള്ളിയാഴ്ച 5 ശതമാനം നേട്ടമുണ്ടാക്കി 259.20 രൂപ എന്ന പുതിയ ഉയരത്തിലെത്തി.

അതേസമയം, ഓഹരി വില ഇനിയും ഉയരുമെങ്കില്‍ അദാനി പവറും ഒരു ട്രില്യണ്‍ രൂപ വിപണി മൂല്യമുള്ള കമ്പനികളുടെ എലൈറ്റ് ക്ലബ്ബില്‍ പ്രവേശിക്കും. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 99,972 കോടി രൂപയായിരുന്നുവെന്ന് ബിഎസ്ഇ ഡാറ്റ കാണിക്കുന്നു. ഡാബര്‍ ഇന്ത്യ (98,470 കോടി രൂപ), റിയല്‍ എസ്റ്റേറ്റ് പ്രമുഖരായ ഡിഎല്‍എഫ് (95,052 കോടി രൂപ) എന്നിവയെ മറികടന്ന് മൊത്തത്തിലുള്ള മാര്‍ക്കറ്റ് ക്യാപ് റാങ്കിംഗില്‍ അദാനി പവര്‍ 49-ാം സ്ഥാനത്താണുള്ളത്.

ഏറ്റവും മൂല്യമുള്ള 50 ലിസ്റ്റഡ് കമ്പനികളില്‍ ഉള്‍പ്പെടുന്ന ആറാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി പവര്‍. അദാനി ഗ്രീന്‍ എനര്‍ജി (4.44 ലക്ഷം കോടി രൂപ), അദാനി ട്രാന്‍സ്മിഷന്‍ (2.92 ലക്ഷം കോടി രൂപ), അദാനി ടോട്ടല്‍ ഗ്യാസ് (2.66 ലക്ഷം കോടി രൂപ), അദാനി എന്റര്‍പ്രൈസസ് (2.51 ലക്ഷം കോടി രൂപ), അദാനി പോര്‍ട്സ് (1.85 ലക്ഷം കോടി രൂപ) എന്നിവയാണ് മറ്റുള്ളവ. അടുത്തിടെ ലിസ്റ്റ് ചെയ്ത അദാനി വില്‍മര്‍ 94,493 കോടി രൂപ വിപണി മൂലധനവുമായി മൊത്തത്തിലുള്ള റാങ്കിംഗില്‍ 52-ാം സ്ഥാനത്താണ്.

അദാനി പവര്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉല്‍പ്പാദകനാണ്. ഗുജറാത്തിലെ 40 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ആറ് പവര്‍ പ്ലാന്റുകളിലായി 12,410 മെഗാവാട്ട് താപവൈദ്യുത ശേഷി കമ്പനിക്കുണ്ട്. അദാനി പവര്‍ 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 218.49 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് രേഖപ്പെടുത്തിയത്. കമ്പനിക്ക് 288.74 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ മൊത്തം വരുമാനം 5,593.58 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,099.20 കോടി രൂപയായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved