
ന്യൂഡല്‍ഹി: രാജ്യത്തെ ഡ്രോണ്‍ വ്യവസായത്തിലും ഒരു കൈ നോക്കാനൊരുങ്ങി പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇന്ത്യയില്‍ ഡ്രോണ്‍ ഉല്‍പാദനത്തിനൊരുങ്ങുന്ന സ്ഥാപനങ്ങളില്‍ ഇരുവരുടേയും കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയുടെ സഹസ്ഥാപനമായ അസ്ട്രിയ എയ്‌റോസ്‌പേസാണ് ഡ്രോണ്‍ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. അദാനി ഡിഫന്‍സും ഇതിനുള്ള ഒരുക്കത്തിലാണ്.
ഇതിന് പുറമേ ഐഡിയഫോര്‍ജ് ടെക്‌നോളജി, ഡൈനാമാറ്റി ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങള്‍ക്കും ഡ്രോണ്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഡ്രോണ്‍ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് ഇവര്‍ പുതിയ വ്യവസായത്തിലേക്ക് ചുവടുവെക്കുന്നത്. ഡ്രോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കളില്‍ 70 ശതമാനവും ഇന്ത്യയില്‍ ലഭ്യമാണ്. ഡ്രോണുകള്‍ രാജ്യത്ത് നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ അസംബിള്‍ ചെയ്യുകയോ ചെയ്യും.
ഡ്രോണ്‍ നിര്‍മാണമേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ഐഡിഫോര്‍ജ് സി.ഇ.ഒ അങ്കിത് മേത്ത പറഞ്ഞു. പ്രതിരോധം, അടിസ്ഥാനസൗകര്യ വികസനം, വിതരണം, ആരോഗ്യം, കാര്‍ഷികരംഗം തുടങ്ങി നിരവധി മേഖലകളില്‍ ഡ്രോണ്‍ വ്യാപകമായി ഉപയോഗിക്കുമെന്നാണ് വ്യവസായ സംഘടനയായ ഫിക്കിയുടെ പ്രതീക്ഷ. ഇത് മുതലാക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് അംബാനിയും അദാനിയും കളത്തിലിറങ്ങുന്നത്.