തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്; കരാര്‍ 50 വര്‍ഷത്തേക്ക്

January 19, 2021 |
|
News

                  തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്; കരാര്‍ 50 വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതോടൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

അതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തള്ളിയിരുന്നു. സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുള്‍പ്പടെയുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്.

ഹൈക്കോടതി അപ്പീല്‍ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയില്‍ പോയാലും അനുകൂലഫലമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. ഇതനുസരിച്ച്, സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന് ഇതില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അവര്‍ സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ വിഷയം തിരുവനന്തപുരത്തെ പ്രാദേശികമേഖലയില്‍ വലിയ പ്രചാരണവിഷയമാണ്. സിപിഎമ്മും ബിജെപിയും പ്രധാനരാഷ്ട്രീയവിഷയമാക്കുമ്പോഴാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.

Related Articles

© 2024 Financial Views. All Rights Reserved