കോവിഡില്‍ ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാകും; വളര്‍ച്ച 0.1 ശതമാനം മാത്രം; പ്രസ്താവനയുമായി എഡിബി

June 18, 2020 |
|
News

                  കോവിഡില്‍ ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാകും; വളര്‍ച്ച 0.1 ശതമാനം മാത്രം; പ്രസ്താവനയുമായി എഡിബി

കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍, ഇവ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ബാഹ്യ ഡിമാന്‍ഡ് ദുര്‍ബലമാക്കുകയും വികസ്വര ഏഷ്യയെ 2020 ല്‍ കഷ്ടിച്ച് മാത്രം വളരാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏപ്രിലില്‍ പുറത്തിറക്കിയ ഏഷ്യന്‍ ഡെവലപ്പ്മെന്റ് ഔട്ട്ലുക്ക് (എഡിഒ) 2020 ന്റെ വാര്‍ഷിക സാമ്പത്തിക പ്രസിദ്ധീകരണത്തിന്റെ പതിവ് അനുബന്ധത്തില്‍, 2020 ല്‍ ഈ മേഖലയുടെ വളര്‍ച്ച 0.1 ശതമാനമാകുമെന്ന് എഡിബി പ്രവചിക്കുന്നു.

ഇത് ഏപ്രിലിലെ 2.2 ശതമാനമെന്ന പ്രവചനത്തില്‍ നിന്ന് കുറവാണെന്നും, 1961 -ന് ശേഷം ഏഷ്യന്‍ മേഖലയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണിതെന്നും അപ്ഡേറ്റ് ചെയ്ത റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഏപ്രിലില്‍ പ്രവചിച്ചത് പോലെ 2021 -ലെ വളര്‍ച്ച 6.2 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. 2021 -ലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അളവ് വിഭാവനം ചെയ്തതിലും താഴെയായിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ചൈനയുടെ ഹോങ്കോംഗ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റിവ് റീജിയണ്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ചൈനയുടെ തായ്വാന്‍ എന്നീ വ്യാവസായിക സമ്പദ്വ്യവസ്ഥകളൊഴികെ, വികസ്വര ഏഷ്യ ഈ വര്‍ഷം 0.4 ശതമാനവും 2021 -ല്‍ 6.6 ശതമാനവും വളരുമെന്ന് പ്രവചിക്കുന്നു. 'ഏഷ്യയിലെയും പസഫിക്കിലെയും സമ്പദ്വ്യവസ്ഥയ്ക്ക് ഈ വര്‍ഷം കൊവിഡ് 19 ആഘാതം തുടരും.

നിലവില്‍ പല രാജ്യങ്ങളും ലോക്ക്ഡൗണുകള്‍ സാവധാനം ലഘൂകരിക്കുകയും തിരഞ്ഞെടുത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുതിയ സാഹചര്യത്തില്‍ പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്,' എഡിബി ചീഫ് ഇക്കണോമിസ്റ്റ് യാസുകി സവാഡ പ്രസ്താവനയില്‍ വ്യക്തമാക്കി. അപ്ഡേറ്റ് ചെയ്ത റിപ്പോര്‍ട്ട്, അപകടസാധ്യതകള്‍ ദോഷകരമായി തുടരുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. കിഴക്കന്‍ ഏഷ്യ 2020 -ല്‍ 1.3 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിക്കുമ്പോള്‍, 2021 -ലെ വളര്‍ച്ച 6.8 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് 19 ആഘാതം മൂലം, ദക്ഷിണേഷ്യന്‍ സമ്പദ്വ്യവസ്ഥ 2020-ല്‍ 3.0 ശതമാനം ചുരുങ്ങും. ഇതേ കാലയളവില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 4.0 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം. എന്നാല്‍, 2021 മാര്‍ച്ച് 31 -ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 5.0 ശതമാനം വളര്‍ച്ച കൈവരിക്കും. തെക്ക് കിഴക്കന്‍ ഏഷ്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം 2.7 ശതമാനം ചുരുങ്ങുമെന്നും, 2021 -ല്‍ ഇത് 5.2 ശതമാനം വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved