റിലയന്‍സ് ജിയോയില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി സൗദി അറേബ്യയും യുഎഇയും

November 03, 2020 |
|
News

                  റിലയന്‍സ് ജിയോയില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി സൗദി അറേബ്യയും യുഎഇയും

മുംബൈ: സൗദി അറേബ്യയും യുഎഇയും ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. റിലയന്‍ ഇന്‍ഡസ്ട്രീസിലണ് നിക്ഷേപം നടത്തുക. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവ നിക്ഷേപത്തിന് ധാരണയിലെത്തി എന്നാണ് വിവരം. റിലയന്‍സിന് കീഴിലുള്ള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് അസറ്റിലാണ് നിക്ഷേപിക്കുക. 100 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സാധ്യത. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന ചര്‍ച്ചകളുടെ ഫലമായിട്ടാണ് നിക്ഷേപം സാധ്യമാകുന്നത്. വിപണിയില്‍ റിലയന്‍സിന് കനത്ത തിരിച്ചടി നേരിട്ടു എന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ട്രസ്റ്റിന്റെ (ഡിഎഫ്ഐടി) 51 ശതമാനം ഓഹരി വാങ്ങാനാണ് സൗദി-യുഎഇ ഫണ്ടുകളുടെ ആലോചന എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 49 ശതമാനം ഓഹരി റിലയന്‍സിന്റെ വിവിധ സ്ഥാപനങ്ങളുടെ കൈവശമാകും. വിദേശ നിക്ഷേപം വഴി 39700 കോടി രൂപയുടെ വര്‍ധനവാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഡിഎഫ്ഐടി 25000 കോടി രൂപ വായ്പ വഴിയും സ്വരൂപിക്കാന്‍ ശ്രമിക്കുന്നുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി, യൂണിയന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയില്‍ നിന്നാണ് ഇത്രയും തുക കണ്ടെത്തുക.

അതേസമയം, സൗദി അറേബ്യയുടെ ലക്ഷ്യം മറ്റൊന്നാണ്. എണ്ണ വരുമാനത്തെ കൂടുതലായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യമാണ് സൗദി. ഏറെകാലം ഈ വരുമാനം മാത്രം ആശ്രയിക്കാനാകില്ല എന്ന് സൗദി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ ലോകത്തെ പ്രധാന കമ്പനികളുടെ ഓഹരികളില്‍ പണം നിക്ഷേപിക്കുന്നത് തുടരുകയാണ്. ഇതിന്റെ ഭാഗമാണ് റിലയന്‍സ് ജിയോയുടെ ഫൈബര്‍ നെറ്റ് വര്‍ക്കിലും നിക്ഷേപിക്കുന്നത്.

ലോകത്തെ പ്രധാന വിപണിയായിട്ടാണ് ഇന്ത്യയെ നിക്ഷേപകര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ നിക്ഷേപം നഷ്ടമാകില്ലെന്നും അവര്‍ കരുതുന്നു. കൊറോണ കാരണം ലോക വിപണികള്‍ അടച്ചിട്ട സാഹചര്യത്തില്‍ എണ്ണ ഉപയോഗം കുറഞ്ഞിരുന്നു. ഇത് സൗദിക്ക് വരുമാന തകര്‍ച്ചയുണ്ടാക്കി. തുടര്‍ന്നാണ് വരുമാനത്തിലെ വൈവിധ്യവല്‍ക്കരണം വേഗത്തിലാക്കുന്നത്. യുഎഇയും സമാനമായ നീക്കം തന്നെയാണ് നടത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved