കടം പെരുകി; 4400 കോടി രൂപയ്ക്ക് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം അമേരിക്കന്‍ കമ്പനിയ്ക്ക് വിറ്റ് എസ്പി ഗ്രൂപ്പ്

September 20, 2021 |
|
News

                  കടം പെരുകി; 4400 കോടി രൂപയ്ക്ക് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം അമേരിക്കന്‍ കമ്പനിയ്ക്ക് വിറ്റ് എസ്പി ഗ്രൂപ്പ്

കടത്തില്‍ തുടരുന്ന ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് (എസ്പി ഗ്രൂപ്പ്) തങ്ങളുടെ പുതിയ വിറ്റഴിക്കല്‍ പ്രഖ്യാപിച്ചു. 4400 കോടി രൂപയ്ക്ക് ഗ്രൂപ്പിന് കീഴിലുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തെ അമേരിക്കന്‍ കമ്പനിയായ അഡ്വേന്റിന് വിറ്റതായാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. 20 ദശലക്ഷം ഉപഭോക്താക്കളും 450 ലേറെ നഗരങ്ങളില്‍ സാന്നിധ്യവുമുള്ള പ്രമുഖ ബ്രാന്‍ഡ് ആണ് എസ്പി ഗ്രൂപ്പ് വില്‍ക്കുന്നത്. പ്രമുഖ വാക്വം ക്ലീനര്‍, വാട്ടര്‍ പ്യൂരിഫയര്‍ ബ്രാന്‍ഡ് കമ്പനി പേരില്‍ തന്നെ പുറത്തിറക്കുന്ന എസ്പി ഗ്രൂപ്പ് കമ്പനിയാണ് യുറേക്ക ഫോബ്സ് ലിമിറ്റഡ്. യുറേക്ക ഫോബ്സ് ലിമിറ്റഡ്, ഫോബ്സ് ആന്‍ഡ് കമ്പനിയില്‍ നിന്നും പൂര്‍ണമായി വേര്‍പിരിഞ്ഞെന്ന് കാണിച്ചാണ് ബിഎസ്ഇയിലെ ലിസ്റ്റിംഗ് നടത്തിയിരിക്കുന്നത്.

യുറേക്ക ഫോബ്സിന്റെ ലിസ്റ്റിംഗോട് കൂടി അഡ്വെന്റിന് കമ്പനിയിലെ അവശേഷിക്കുന്ന 72.56 ശതമാനം ഓഹരികളും സ്വന്തമാക്കാമെന്നും ബാധകമായ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി അഡ്വന്റ് അതിനുശേഷം ഒരു തുറന്ന ഓഫര്‍ നല്‍കും, 'പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന മേഖലയില്‍ അഡ്വെന്റിന്റെ അഞ്ചാമത്തെ പ്രധാനപ്പെട്ട ഏറ്റെടുക്കലാണ് ഇത്. ഈ ഇടപാട് ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ കടം നികത്താനും മറ്റ് ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. ഗ്രൂപ്പിന്റെ മൊത്തം കടമായ 20,000 കോടി രൂപയില്‍, 10,900 കോടി രൂപ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോവിഡ് -19 ദുരിതാശ്വാസ ചട്ടക്കൂടിന് കീഴിലുള്ള ഒറ്റത്തവണ പുന:സംഘടനാ പാക്കേജിന് കീഴിലാണ്.

ആസ്തികളുടെ ധനസമ്പാദനത്തിലൂടെ 10,332 കോടി രൂപ സമാഹരിക്കാന്‍ എസ്പി ഗ്രൂപ്പ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ഗ്രൂപ്പിന് കീഴിലുള്ള മറ്റ് കമ്പനികളും ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയുമാണ്. സോളാര്‍ ഇപിസി (എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം) സൊല്യൂഷന്‍ ദാതാക്കളിലൊരാളായ സ്റ്റെര്‍ലിംഗ്, വില്‍സണ്‍ സോളാര്‍, നിര്‍മ്മാണ, എഞ്ചിനീയറിംഗ് കമ്പനിയായ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുള്‍പ്പെടെയുള്ളതാണ് മറ്റ് ഗ്രൂപ്പ് കമ്പനികള്‍. 1930 മുതല്‍ തുടര്‍ന്നു പോന്നിരുന്ന ടാറ്റയുമായുള്ള കൂട്ടു ബിസിനസ് കമ്പനി 2020 ലാണ് അവസാനിച്ചത്. എസ്പി ഗ്രൂപ്പ് ചെയര്‍മാന്‍ പല്ലോണ്‍ജി ഷപൂര്‍ജി മിസ്ട്രിയുടെ മകന്‍ സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ 2016 ഒക്ടോബറില്‍ പുറത്താക്കിയതിനുശേഷമുള്ള നിയമപോരാട്ടമാണ് പിന്നീട് എസ് പി ഗ്രൂപ്പ്, ടാറ്റ സണ്‍സില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved