അഫ്ഗാന്‍ ജനങ്ങള്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നു; കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ താലിബാന്‍

October 02, 2021 |
|
News

                  അഫ്ഗാന്‍ ജനങ്ങള്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നു;  കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന് കടുത്ത വെല്ലുവിളിയായി ബാങ്കിങ് രംഗത്തെ തകര്‍ച്ച. ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതോടെ നിലനില്‍പ്പ് തന്നെ അപകടത്തിലായെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഇസ്ലാമിക് ബാങ്ക് ഓഫ് അഫ്ഗാനിസ്ഥാന്റെ സിഇഒ സയ്യദ് മൂസ ഖലീം അല്‍-ഫലാഹി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ലോകരാഷ്ട്രങ്ങള്‍ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചതും ഉപഭോക്താക്കള്‍ ഭയത്തെ തുടര്‍ന്ന് തങ്ങളുടെ പണമെല്ലാം ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചതുമാണ് കാരണം. ഇപ്പോള്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്നെല്ലാം വലിയ തുകകളാണ് പിന്‍വലിക്കപ്പെടുന്നത്. അത് മാത്രമല്ല, ആരും പണം നിക്ഷേപിക്കാന്‍ ബാങ്കിലേക്ക് എത്തുന്നുമില്ല.

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്നവ ഭാഗികമായ സേവനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിലെ 9.5 ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തി അമേരിക്ക മരവിപ്പിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ അധീനതയിലാണ് ഈ പണത്തില്‍ ഭൂരിഭാഗവുമുള്ളത്.

അഫ്ഗാനിസ്ഥാന് തങ്ങളുടെ പഴയ സാമ്പത്തിക സ്രോതസുകളെ ഇനി ആശ്രയിക്കാനാവില്ലെന്നാണ് ഐഎംഎഫ് നിലപാട്. ലോകബാങ്കും അഫ്ഗാനിസ്ഥാനിലെ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുകയാണ്. ഐക്യരാഷ്ട്ര സഭയാകട്ടെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം തുടരണമെന്ന നിലപാടിലാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ സഹായിച്ചില്ലെങ്കില്‍ അഫ്ഗാനിസ്ഥാന് ചൈനയെയും റഷ്യയെയും ആശ്രയിക്കേണ്ടി വരുമെന്ന് അല്‍-ഫലാഹി പറയുന്നു. അധികം വൈകാതെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു. ചൈന ഇതിനോടകം താലിബാന് അഫ്ഗാന്‍ ഭരണത്തിനായി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇനിയും പണം നല്‍കുമെന്നാണ് ഇവരുടെ നിലപാട്.

Related Articles

© 2025 Financial Views. All Rights Reserved