കൊറോണക്കാലത്ത് ബി ആര്‍ ഷെട്ടി ഇന്ത്യയിൽ; വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയത്; എല്ലാ വസ്തുതകളും, മുഴുവന്‍ സത്യവും ഏറ്റവും പെട്ടന്ന് പുറത്തുകൊണ്ടുവരാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്; അനുയോജ്യമായ സമയത്ത് അനുയോജ്യമായ രീതിയില്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ പറയും; വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ യുഎഇയിലേക്ക് മടങ്ങുമെന്ന് ഷെട്ടി

April 20, 2020 |
|
News

                  കൊറോണക്കാലത്ത് ബി ആര്‍ ഷെട്ടി ഇന്ത്യയിൽ; വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയത്; എല്ലാ വസ്തുതകളും, മുഴുവന്‍ സത്യവും ഏറ്റവും പെട്ടന്ന് പുറത്തുകൊണ്ടുവരാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്; അനുയോജ്യമായ സമയത്ത് അനുയോജ്യമായ രീതിയില്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ പറയും; വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ യുഎഇയിലേക്ക് മടങ്ങുമെന്ന് ഷെട്ടി

അബുദാബി: വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയതെന്ന് സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ നേരിടുന്ന അബുദാബിയിലെ എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകന്‍ ബി ആര്‍ ഷെട്ടി. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള വിലക്കുകള്‍ അവസാനിച്ച്, വിമാനസര്‍വീസ് പുനഃരാരംഭിക്കുമ്പോള്‍ യുഎഇയിലേക്ക് തിരിച്ചെത്തുമെന്ന് ഷെട്ടി പറഞ്ഞു. വസ്തുതകളില്‍ വ്യക്തത ഇല്ലാത്തതുകൊണ്ടും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതുകൊണ്ടുമാണ് എന്‍എംസിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും യുഎഇ മാധ്യമമായ ‘ദ നാഷണലി’ നോട് ഷെട്ടി വെളിപ്പെടുത്തി.

അര്‍ബുദ ബാധിതനായി ഈ മാസം മരണമടഞ്ഞ സഹോദരനെ കാണുന്നതിനായി ഫെബ്രുവരി ആദ്യമാണ് ഇന്ത്യയിലെത്തിയതെന്ന് ഷെട്ടി പറഞ്ഞു. ഭാര്യ മാത്രമേ തന്നോടൊപ്പം മംഗളൂരുവില്‍ ഉള്ളുവെന്നും ബാക്കി കുടുംബാംഗങ്ങളെല്ലാം അബുദാബിയില്‍ ആണെന്നും ഷെട്ടി വെളിപ്പെടുത്തി. 1975ല്‍ ഷെട്ടി സ്ഥാപിച്ച, പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി വളര്‍ന്ന എന്‍എംസി ഹെല്‍ത്തിനെതിരെ വ്യാപകമായ സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ ഉയരുകയും നിയമനടപടികള്‍ നേരിടുകയും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ കമ്പനി ഭരണം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് ഷെട്ടി ഇന്ത്യയിലേക്ക് പറന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകളെ കുറിച്ചും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചും വ്യക്തമായ അറിവില്ലാത്തതിനാണ് ഇത്രയും കാലം തനിക്കെതിരായും താന്‍ സ്ഥാപിച്ച കമ്പനികളെ കുറിച്ചും ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാതിരുന്നതെന്ന് ഷെട്ടി പറഞ്ഞു. ഈ വിഷയങ്ങളില്‍ അന്വേഷണം നടത്തുന്നതിനായി താന്‍ നിയോഗിച്ച അന്വേഷണസമിതികള്‍ പ്രാഥമിക കണ്ടെത്തലുകള്‍ സമര്‍പ്പിക്കാനിരിക്കുകയും തന്നെക്കുറിച്ച് തെറ്റിദ്ധാരണാജനകവും അവാസ്തവവുമായ ചില ആരോപണങ്ങള്‍ ഉയരുകയും ചെയ്തത് കണക്കിലെടുത്ത് യുഎഇയിലോ മറ്റെവിടെയും ഉള്ള ശരിയായ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അനുയോജ്യമായ രീതിയില്‍ പ്രതികരിക്കാനുള്ള അവസരം കാത്തിരിക്കുകയാണെന്ന് ഷെട്ടി പറഞ്ഞു. എല്ലാ വസ്തുതകളും മുഴുവന്‍ സത്യവും ഏറ്റവും പെട്ടന്ന് പുറത്തുകൊണ്ടുവരാനാകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ഷെട്ടി പറഞ്ഞു.

ഓഹരി ഊഹക്കച്ചവടക്കാരായ മഡ്ഡി വാട്ടേഴ്‌സ് ഉന്നയിച്ച സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടര്‍ന്നാണ് എന്‍എംസി ഹെല്‍ത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്നും സാമ്പത്തിക ബാധ്യതകള്‍ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് എന്‍എംസിക്കെതിരെ ഉയര്‍ന്നത്. കമ്പനിയില്‍ ഷെട്ടിക്കുള്ള ഓഹരികള്‍ കൃത്യമായി നിര്‍വചിക്കാന്‍ കഴിയാത്തതും വെല്ലുവിളിയായി. പല ഓഹരികളും ഷെട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പകള്‍ക്ക് ഈട് നല്‍കിയതായും കണ്ടെത്തിയിരുന്നു. ആരോപണങ്ങളും നിയമ നടപടികളും കനത്തതോടെ ഷെട്ടി എന്‍എംസിയില്‍ നിന്ന് രാജിവെച്ചു. ഓഹരിവില കൂപ്പുകുത്തിയതോടെ ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത എന്‍എംസി ഓഹരി വ്യാപാരം താത്കാലികമായി നിര്‍ത്തിവെച്ചു. ലണ്ടന്‍ ഓഹരിവിപണി നിയന്ത്രണ അതോറിട്ടി അടക്കം നിരവധി കമ്പനികള്‍ കമ്പനി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ എന്‍എംസിക്ക് വായ്പകള്‍ നല്‍കിയ ബാങ്കുകളും കമ്പനിക്കെതിരെ രംഗത്തുവന്നു.

യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 8 ബില്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്. അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെര്‍ക്ലെയ്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളില്‍ നിന്നും എന്‍എംസിക്ക് വായ്പകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തില്‍ എണ്‍പതോളം തദ്ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍. ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍എംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.

എഡിസിബിയുടെ ആവശ്യപ്രകാരം യുകെ കോടതിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ആഴ്ച എന്‍എംസിയുടെ ഭരണം വാരെസ് ആന്‍ഡ് മാര്‍സല്‍ ഏറ്റെടുത്തിരുന്നു. കൂടുതല്‍ കാര്യക്ഷമമായ രീതിയിലുള്ള കമ്പനി നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ നാല് പുതിയ നോണ്‍-എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരെ വാരെസ് ആന്‍ഡ് മര്‍സല്‍ നിയമിച്ചിട്ടുണ്ട്. എന്‍എംസിയിലെ ഒമ്പത് ശതമാനം ഓഹരികള്‍ ഏറ്റെടുത്തതിന് പിന്നാലെ ദുബായ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ഇത്മര്‍ കാപ്പിറ്റല്‍ മാനേജിംഗ് പാര്‍ട്ണറായ ഫൈസല്‍ ബെല്‍ഹൗളിനെ എന്‍എംസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിരുന്നു.

ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നതായി ഷെട്ടി സ്ഥാപിച്ച ധനകാര്യ കമ്പനിയായ ഫിനെബ്ലറും കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു. ലണ്ടന്‍ ഓഹരി വിപണിയില്‍ തന്നെ ലിസ്റ്റ് ചെയ്തിട്ടുള്ള ഫിനെബ്ലറിന്റെ ഓഹരി വ്യാപാരവും മരവിപ്പിച്ചിരിക്കുകയാണ്. എന്‍എംസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഫെബ്രുവരിയിലും ഫിനെബ്ലര്‍ യൂണിറ്റായ ട്രാവലെക്‌സിന്റെ ബോര്‍ഡില്‍ നിന്ന് മാര്‍ച്ചിലുമാണ് ഷെട്ടി രാജിവെച്ചത്. ഫോബ്‌സിന്റെ കണക്ക് പ്രകാരം 77കാരനായ ഷെട്ടിക്ക് 3.15 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ളത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved