
ഇന്ധന വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്കു പച്ചക്കറി-പലവ്യഞ്ജന വിലക്കയറ്റം കനത്ത തിരിച്ചടിയാകുന്നു. കേരളത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അവശ്യ വസ്തുക്കളുടെ വിലയില്‍ ഇരട്ടിയോളം വര്‍ധനയാണു രേഖപ്പെടുത്തിയത്. ഇന്ധനവിലക്കയറ്റവും ഉത്സവ സീസണുമാണ് നിലവിലെ തിരിച്ചടികള്‍ക്കു പ്രധാന കാരണമായി ഉയര്‍ത്തികാട്ടുന്നത്. കോവിഡിനെ തുടര്‍ന്നു വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതു മൂലം ഉല്‍പ്പാദനം കുറഞ്ഞതും വിലക്കയറ്റത്തിനു കാരണമായി. സര്‍ക്കാര്‍ വകുപ്പുകള്‍ സംഘടിപ്പിച്ചിരുന്ന കാര്‍ഷിക ചന്തകളും അപ്രത്യക്ഷമായിട്ട് മാസങ്ങളായി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു പലരുടേയും വരുമാനത്തില്‍ വന്‍കുറവുണ്ടായിരിക്കുന്ന സമയത്താണ് വിലക്കയറ്റം ഭീഷണിയാകുന്നത്.
പച്ചക്കറികളുടെ വിലക്കയറ്റമാണ് എടുത്തു പറയേണ്ടത്. തക്കാളി, സവാള, പയര്‍ അടക്കമുള്ള പച്ചക്കറികളുടെ വില കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ഇരട്ടിയോളമാണ് വര്‍ധിച്ചത്. രണ്ടാഴ്ച മുമ്പ് തക്കാളി കിലോയ്ക്ക് മൊത്തവിപണിയില്‍ 26 രൂപയായിരുന്നു. അന്ന് റീട്ടെയില്‍ വില 32ഉം. എന്നാലിന്ന് മൊത്തവിപണിയില്‍ വില 60ഉം റിട്ടെയില്‍ വിപണിയില്‍ 70ഉം ആണ്. 22 രൂപയ്ക്കു മൊത്താവിപണിയില്‍ ലഭിച്ചിരുന്ന സവാളയ്ക്ക് ഇന്ന് 38 രൂപയാണ്. റീട്ടെയില്‍ വില്‍പ്പന വില 44- 48ഉം. 45- 50 രൂപയ്ക്കു ലഭിച്ചിരുന്ന മാങ്ങയ്ക്ക് 70, 24- 32 രൂപയ്ക്കു ലഭിച്ചിരുന്ന പയറിന് 55- 60, 35- 40 രൂപയുണ്ടായിരുന്ന ബീന്‍സിന് 50- 60 രൂപയുമാണ് നിലവിലെ നിരക്കുകള്‍. 30 രൂപയ്ക്ക് മൊത്തവിപണിയില്‍ ലഭിച്ചിരുന്ന മുരിങ്ങാകോലിന് ഇന്ന് വില 50 ആണ്. റീട്ടെയില്‍ വിപണിയില്‍ 60ഉം.
പച്ചക്കറികളുടെ വില മാത്രമല്ല വെല്ലുവിളി ഉയര്‍ത്തുന്നത്. പലചരക്കു സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. നിലവില്‍ പരിപ്പ്, ചെറുപയര്‍ എന്നിവയുടെ വിലയിലാണ് പ്രകടമായ മാറ്റമുണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പരിപ്പ് കിലോയ്ക്ക് 70 രൂപയായിരുന്നു മൊത്തവിപണിയിലെ വില. അന്ന് 80 രൂപയ്ക്കു റീട്ടെയില്‍ വിപണിയില്‍ ലഭിച്ചിരുന്ന പരിപ്പിന് ഇന്ന് മൊത്തവിപണിയിലെ വില 100 രൂപയ്ക്കു മുകളിലാണ്. തല്‍ഫലമായി റീട്ടെയില്‍ വിപണിയില്‍ 120 രൂപയ്ക്കു മുകളിലാണ് വില്‍പ്പന നടക്കുന്നത്. കിലോയ്ക്ക് 85 രൂപയുണ്ടായിരുന്ന ചെറുപയറിനും ഇന്ന് മൊത്തവിപണി വില 100 രൂപയ്ക്കു മുകളിലാണ് വില. റീട്ടെയില്‍ വില 120 മുകളില്‍ തന്നെ. നാല് രൂപ വിലയുണ്ടായിരുന്ന കോഴി മുട്ടയ്ക്ക് നിലവില്‍ മൊത്തവിപണിയില്‍ 4.70- 5 രൂപയാണ് വില. റീട്ടെയില്‍ വിപണിയില്‍ വില്‍ക്കുന്നത് 5.5- 6 രൂപയ്ക്കാണ്.
പണപ്പെരുപ്പത്തിനൊപ്പം വരുമാനം വര്‍ധിക്കുന്നില്ലെന്നതു തന്നെയാണ് പ്രധാന വെല്ലുവിളി. കോവിഡിനെ തുടര്‍ന്നു ജോലി നഷ്ടമായവരും ഏറെയാണ്. ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ ചെലവു കുറയ്ക്കാനോ അധിക വരുമാനം കണ്ടെത്താനോ ഇവര്‍ നിര്‍ബന്ധിതമാകും. പച്ചക്കറി- പലചരക്ക് വിലക്കയറ്റത്തിനൊപ്പം ഇന്ധനവിലക്കയറ്റവും സാധാരണക്കാര്‍ക്ക് ആഘാതമാണ്. സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഇന്ന് പെട്രോള്‍ വില 105 കടന്നു. ഡീസല്‍ വില ഉടനെ 100 കടക്കുമെന്നാണു സൂചന. പാചകവാതക വിലയും ഇന്ന് വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍- ഡീസല്‍ വില വര്‍ധനയാണ് പച്ചക്കറി- പലചരക്ക് വിലക്കറ്റത്തിനുള്ള മറ്റൊരു കാരണം. ഗതാഗതച്ചെലവ് ക്രമാതീതമായി വര്‍ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിപ്പിക്കും.