
മോര്‍ട്ട്‌ഗേജ് വായ്പക്കാരായ എച്ച്ഡിഎഫ്‌സി ലിമിറ്റഡിനും സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിനും ശേഷം പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ബിഎഫ്സിയായ ബജാജ് ഫിനാന്‍സില്‍ ഓഹരി നിക്ഷേപം നടത്തി. എച്ച്ഡിഎഫ്‌സി ലിമിറ്റഡില്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് നടത്തിയ നിക്ഷേപം സാമ്പത്തിക വിപണിയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനും ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനും ഇടയില്‍ കഴിഞ്ഞ മാസമാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഐസിഐസിഐ ബാങ്കില്‍ നിക്ഷേപം നടത്തിയത്.
രാഹുല്‍ ബജാജിന്റെ നേതൃത്വത്തിലുള്ള ധനകാര്യ സേവന വിഭാഗത്തില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന നടത്തിയ നിക്ഷേപം 1.0 ശതമാനത്തില്‍ താഴെയാണ്. അതിനാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഫയല്‍ ചെയ്ത കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് രീതിയില്‍ ഇത് പ്രതിഫലിക്കുന്നില്ല. നിക്ഷേപം ഫെബ്രുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയാണെങ്കില്‍, എന്‍ബിഎഫ്സിയുടെ ഓഹരി വില 4,800 രൂപയില്‍ നിന്ന് 2,200 രൂപയിലേക്ക് കുറഞ്ഞതിനാല്‍ ചൈനീസ് ബാങ്ക് ശരിയായ സമയത്താണ് പ്രവേശനം നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ധനകാര്യ സേവന കമ്പനിയില്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണിത്. ഈ വര്‍ഷം മാര്‍ച്ചില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന എച്ച്ഡിഎഫ്‌സി ലിമിറ്റഡിലെ ഓഹരി ഒരു ശതമാനത്തിലേക്ക് ഉയര്‍ത്തി. ചൈന വിരുദ്ധ വികാരത്തിനിടയില്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ നിയമങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി, പ്രത്യേകിച്ച് ചൈനീസ് ബന്ധമുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളില്‍. 'അവസരവാദപരമായ ഏറ്റെടുക്കല്‍' തടയുന്നതിനാണ് നിയമങ്ങള്‍ പുറപ്പെടുവിച്ചത്.
എച്ച്ഡിഎഫ്സി ലിമിറ്റഡിലെയും ഐസിഐസിഐ ബാങ്കിലെയും ബജാജ് ഫിനാന്‍സിലെയും ചൈനീസ് ബാങ്കിന്റെ നിക്ഷേപം വളരെ ചെറുതാണ്. ബാങ്കിംഗ് മേഖലയില്‍, ഒരു നിക്ഷേപകനും 15 ശതമാനത്തില്‍ കൂടുതല്‍ വോട്ടവകാശം ഇല്ല, അതേസമയം അഞ്ച് ശതമാനത്തിന് മുകളിലുള്ള ഓഹരി ഏറ്റെടുക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിലവില്‍, ഇന്ത്യയില്‍ ചൈനീസ് പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് വീ ചാറ്റ്, ഷെയര്‍ ഇറ്റ്, ടിക് ടോക്ക്, പബ്ജി എന്നിവ ഉള്‍പ്പെടെ നൂറിലധികം ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഐസിഐസിഐ ബാങ്ക് നിക്ഷേപം ഉണ്ടായത്. കഴിഞ്ഞ മാസം ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ മൂലധന സമാഹരണത്തില്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് നിക്ഷേപകരില്‍ ഒരാളായി മാറി. ചൈനീസ് ബാങ്ക് 15 കോടി രൂപയാണ് സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത്. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ആഗോള സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 357 സ്ഥാപന നിക്ഷേപകരില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും ഉള്‍പ്പെടുന്നു. സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോര്‍ഗന്‍ ഇന്‍വെസ്റ്റ്മെന്റ്, സൊസൈറ്റി ജനറല്‍ എന്നിവരാണ് മറ്റ് പ്രമുഖ നിക്ഷേപകര്‍. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതിനുപകരം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നത് നല്ലതാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.