
ഓസ്ട്രേലിയന്‍ മണ്ണില്‍ ഐതിഹാസികമായ ടെസ്റ്റ് വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ കായിക ചരിത്രത്തിലെ തന്നെ ഒരു നിര്‍ണായകമായ നേട്ടമാണ് കൈവരിച്ചത്. രാജ്യമെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച വിജയം പരസ്യ രംഗത്തും പുത്തനുണര്‍വ് നല്‍കിയെന്നാണ് റിപോര്‍ട്ടുകള്‍.
ഇന്ത്യ ബ്രിസ്ബൈനില്‍ നേടിയ അവിശ്വസനീയ വിജയം കണികളിലും പരസ്യദാതാക്കളിലും ക്രിക്കറ്റില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കാന്‍ സഹായകരമായി എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പ്രതിഭലനമെന്നോണം ഇന്ത്യയില്‍ ഉടനെ നടക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ പര്യടനത്തിനുള്ള ടി വി പരസ്യ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 10 മുതല്‍ 15 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് ആയിരുന്നു ഇന്ത്യക്ക് എതിരെ രണ്ടു മാസം നീണ്ടു നിന്ന സീരിസില്‍ മത്സരിച്ചത്. ന്യൂസീലന്‍ഡ് ടെസ്റ്റും, ഏകദിന പരമ്പരകളും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ഗംഭീര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ ഉജ്ജ്വല പ്രകടനം കാഴ്ച വെക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.
ടെസ്റ്റുകളും ഏക ദിന മത്സരങ്ങളും ട്വന്റി20 സീരിസും അടങ്ങിയതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം. കോവിഡ്-19 കാരണം ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ ഒന്നും നടന്നിരുന്നില്ല. കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങള്‍ യു എ ഇയില്‍ ആയിരുന്നു നടന്നിരുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന സീരിസില്‍ 28 കായിക ദിവസങ്ങളാണ് ഉള്ളത്. ഇത് മുമ്പ് നടന്ന ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള പരമ്പരയിലെ 15 ദിവസത്തെ അപേക്ഷിച്ചു കൂടുതലാണ്. മൂന്ന് വര്‍ഷം മുമ്പ് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയിലെ ദിവസങ്ങള്‍ 14 മാത്രമായിരുന്നു. കൂടുതല്‍ മത്സര ദിവസങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ പരസ്യ വരുമാനം നേടാനുള്ള അവസരം സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്ക് ഉണ്ടാകും.
സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ സംപ്രേക്ഷകര്‍. കൂടാതെ ജനുവരി- മാര്‍ച്ച് മാസങ്ങള്‍ ആണ് മിക്ക കമ്പനികളും തങ്ങളുടെ പരസ്യ കലണ്ടര്‍ ആയി കണക്കാക്കുന്നത്. ഓട്ടോമോട്ടീവ്, ഗെയിമിംഗ്, എഡ്‌ടെക്, ഇന്‍ഷുറന്‍സ്, ടെലികോം എന്നിവയുള്‍പ്പെടെ (ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍) ഗണ്യമായ എണ്ണം വിഭാഗങ്ങള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് അനില്‍ ജയരാജ് ബിസിനെസ്സ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം കണികള്‍ക്കിടയില്‍ ഉയര്‍ന്ന പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകരും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പര കാണാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുവെന്നാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ കണക്കുകള്‍ കാണിക്കുന്നത്. ഗെയിമിംഗ്, ഫിന്‍ടെക്, എഡ്ടെക് സ്റ്റാര്‍ട്ട്-അപ്പുകള്‍ ആണ് സ്‌പോണ്‍സര്‍ഷിപ്പിനായി പ്രധാനമായും മത്സരിക്കുന്നവര്‍ എന്ന് മീഡിയ പ്ലാനര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐ പി എലിലും കണ്ട കാഴ്ച ഇത് തന്നെയായിരുന്നു. ബൈജൂസിനെയും അണ്‍അക്കാഡമിയെയും പിന്തള്ളി ഡ്രീം 11 ആയിരുന്നു ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്.
കൂടാതെ ടെലിവിഷനില്‍ ഫോണ്‍പൈ, ആമസോണ്‍, ബൈജൂസ് എന്നിവരോടൊപ്പം , ഐപിഎല്‍ 2020-ന്റെ കോ-പ്രസന്റിംഗ് സ്‌പോണ്‍സറായി ഡ്രീം 11 എത്തി. ഇന്ത്യ-ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ട് പിന്നാലെ ഐപിഎല്‍ കൂടി എത്തുന്നതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിനു പരസ്യ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉറപ്പാണ്.