
നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫിയറ്റ് ക്രൈസ്ലറും പിഎസ്എയും ശനിയാഴ്ച്ച ഔദ്യോഗികമായി ലയിച്ചു. സ്റ്റെലാന്റിസ് എന്ന പുതിയ പേരില്‍ പുതിയ കൂട്ടുകെട്ട് അറിയപ്പെടും. ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വാഹന ഗ്രൂപ്പായി സ്റ്റെലാന്റിസ് മാറി. 52 ബില്യണ്‍ ഡോളറിന്റേതാണ് ഇറ്റാലിയന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളും ഫ്രഞ്ച് നിര്‍മ്മാതാക്കളും തമ്മിലെ കരാര്‍. 2019 ഒക്ടോബറിലായിരുന്നു ലയിക്കാനുള്ള തീരുമാനം ഇരു കമ്പനികളും ആദ്യം അറിയിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലയനം ഒരുവര്‍ഷത്തിലേറെ വൈകി.
പ്രതിവര്‍ഷം 8.1 ദശലക്ഷം വാഹനങ്ങള്‍ പുറത്തിറക്കുകയാണ് സ്റ്റെലാന്റിസിന്റെ പ്രാഥമിക ലക്ഷ്യം. ഒപ്പം വൈദ്യുത വാഹന വിപണിയില്‍ കാലുറപ്പിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. ഇപ്പോഴത്തെ പിഎസ്എ ചീഫ് എക്സിക്യുട്ടീവ് കാര്‍ലോസ് ടവാരേസ് സ്റ്റെലാന്റിസിലെ ഓഹരികള്‍ നിയന്ത്രിക്കും. തിങ്കളാഴ്ച്ച മിലാനിലും പാരീസിലും ചൊവാഴ്ച്ച ന്യൂയോര്‍ക്കിലും സ്റ്റെലാന്റിസ് ഓഹരികളുടെ വ്യാപാരത്തിന് തുടക്കമാവും. വില്‍പ്പനയെക്കാളും ഉയര്‍ന്ന ഉത്പാദനം, ചൈനീസ് വിപണിയിലെ ഇടര്‍ച്ച തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ സ്റ്റെലാന്റിസിന് മുന്നിലുണ്ട്.
നിര്‍മ്മാണശാലകള്‍ അടച്ചുപ്പൂട്ടാതെത്തന്നെ പ്രതിവര്‍ഷം 5 ബില്യണ്‍ യൂറോ (6.1 ബില്യണ്‍ ഡോളര്‍) ചിലവ് ചുരുക്കാന്‍ സ്റ്റെലാന്റിസിന് കഴിയുമെന്നാണ് എഫ്സിഎ, പിഎസ്എ കമ്പനികള്‍ സംയുക്തമായി വാദിക്കുന്നത്. ഇതെങ്ങനെയെന്നറിയാന്‍ നിക്ഷേപകര്‍ക്ക് ആകാംക്ഷയുണ്ട്. എഫ്സിഎ സിഇഒ മൈക്ക് മാന്‍ലിയായിരിക്കും സ്റ്റെലാന്റിസിന്റെ വടക്കെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇരു കമ്പനികളുടെയും വാഹന പ്ലാറ്റ്ഫോം, പവര്‍ട്രെയിന്‍ സാങ്കേതികവിദ്യകള്‍ സംയോജിക്കുന്ന പശ്ചാത്തലത്തില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിക്ഷേപം 40 ശതമാനത്തോളം കുറയുമെന്നാണ് സ്റ്റെലാന്റിസിന്റെ പ്രതീക്ഷ. ഇതിന് പുറമെ വാഹന നിര്‍മ്മാണത്തിന് ആവശ്യമായ വാങ്ങലുകളുടെ കാര്യത്തില്‍ 35 ശതമാനവും വില്‍പ്പന പ്രവര്‍ത്തനങ്ങളുടെയും പൊതു ചിലവുകളുടെയും കാര്യത്തില്‍ 7 ശതമാനവും കുറവ് കാണാന്‍ കഴിയുമെന്ന് കമ്പനി കരുതുന്നു.