
ജീവനക്കാര്‍ക്ക് നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുന്നതിന് രാജസ്ഥാന് പിന്നാലെ ചത്തീസ്ഗഡും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍പിഎസ് ഒഴിവാക്കി പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഛത്തീസ്ഗഡും പഴയ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറുന്നതിനെക്കുറിച്ചാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാര്‍ച്ച് ഒമ്പതിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും. 2004നുശേഷമുള്ള എല്ലാ നിയമനങ്ങള്‍ക്കും ഇരു സര്‍ക്കാരുകളും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) ആണ് ബാധകമാക്കിയിരുന്നത്. രാജ്യത്ത് നിലവില്‍ ബംഗാള്‍ മാത്രമാണ് പഴയ പെന്‍ഷന്‍ പദ്ധതിയില്‍ തന്നെ തുടരുന്നത്.
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. 2013 ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. 2016ലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. വിഷയം പഠിക്കാന്‍ ജസ്റ്റിസ് സതീഷ് ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തീരുമാനമെടുത്തിട്ടില്ല.