
സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ ഉണ്ടെന്നും ഇവര്‍ സര്‍ക്കാര്‍ ഒത്താശയോടെ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായും ഗൂഗിള്‍ ആരോപിച്ചു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഇന്ത്യയില്‍ 500 ഉപഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കിങ് ശ്രമങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പ് നല്‍കിയതെന്നും ഗൂഗിള്‍ വ്യക്തമാക്കി.
ഗൂഗിള്‍ ത്രെട്ട് അനലിസ്റ്റ് ഗ്രൂപ്പ് സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കിങ് ശ്രമങ്ങള്‍ സംബന്ധിച്ച് 149 രാജ്യങ്ങളിലായി പന്ത്രണ്ടായിരം പേര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിലാണ് ഏറ്റവും കൂടുതല്‍ ഹാക്കിങ് ശ്രമങ്ങള്‍ നടന്നത്. ഉപയോക്താക്കളുടെ പാസ് വേര്‍ഡും അക്കൗണ്ട് വിശദാംശങ്ങളും മോഷ്ടിക്കുന്ന ഫിഷിങ് മെയിലുകളാണ് ഹാക്കിങിന് ഉപയോഗിച്ചതിലധികവും. ഉപയോക്താക്കളില്‍ 90 ശതമാനത്തിലധികം ആളുകളെ ലക്ഷ്യം വയ്ക്കുന്നത് 'ക്രെഡന്‍ഷ്യല്‍ ഫിഷിംഗ് ഇമെയിലുകള്‍ 'വഴിയാണെന്ന് കണ്ടെത്തി. കാനഡ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കേണ്ടിവന്നത്.
ഗൂഗിള്‍ ത്രെട്ട് അനലിസ്റ്റ് ഗ്രൂപ്പ് 2019 ജൂലൈ വരെ ലോകത്ത് നടന്ന സൈബര്‍ ആക്രമണങ്ങള്‍ വിലയിരുത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. ഇന്ത്യയില്‍ 500 ഓളം സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ഉണ്ടെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നു. ബൗദ്ധിക സ്വത്തുക്കളുടെ മോഷണം,ലോകത്താകെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍,മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ലക്ഷ്യമാക്കിയുള്ള ചാരപ്പണി ,സര്‍ക്കാര്‍ വിരുധ ഗ്രൂപ്പുകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയ ദൗത്യങ്ങളാണ് ഹാക്കര്‍മാര്‍ക്കുള്ളത്.
ഇത്തരം ചാരപ്പണികള്‍ക്ക് പെഗാസസ് എന്ന സ്‌പൈവെയര്‍ ഉപയോഗിച്ചതായി നേരത്തെ വാട്‌സ്ആപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകളുമായി ഗൂഗിള്‍ രംഗത്തെത്തിയത്. അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാന്‍ അഡ്വാന്‍സ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്‍ ചേരാനും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.സ്വകാര്യതയും സൈബര്‍ സെക്യൂരിറ്റിയും പ്രാമുഖ്യം നല്‍കുന്ന ഈ കാലഘട്ടത്തില്‍ സര്‍ക്കാരുകള്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് എതിരെ ഇത്തരം നടപടികള്‍ക്ക് ഹാക്കര്‍മാരെ നിയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജനങ്ങള്‍.