ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഏജന്‍സി: കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍

July 04, 2020 |
|
News

                  ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഏജന്‍സി: കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍

മുംബൈ: രാജ്യത്തെ ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ ഏജന്‍സി കൊണ്ടുവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. പുതിയ ഇ-കൊമേഴ്‌സ് നയത്തിന്റെ കരടിലാണ് നിയന്ത്രണ ഏജന്‍സിക്കായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇ-കൊമേഴ്‌സ് കമ്പനികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും കൈമാറുന്നതിലും വിശകലനം ചെയ്യുന്നതിലുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം വേണമെന്നും ഇതില്‍ നിര്‍ദേശമുണ്ട്.

ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായാല്‍ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരുന്നതും പുതിയ ഇ കൊമേഴ്‌സ് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനകം കന്പനികള്‍ വിവരം കൈമാറണം. ഇല്ലെങ്കില്‍ വലിയ പിഴ ചുമത്താനാണ് ആലോചന. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശരാജ്യങ്ങളില്‍ പകര്‍പ്പെടുത്തു സൂക്ഷിക്കുന്നത് ഓഡിറ്റിങ്ങിനു വിധേയമാക്കും. ഡേറ്റ തദ്ദേശവത്കരണം നിര്‍ബന്ധമാക്കുന്നത് തത്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന. അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശത്ത് സൂക്ഷിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

ഉത്പന്നങ്ങള്‍ ഏതുരാജ്യത്ത് നിര്‍മിക്കുന്നെന്നും ഇന്ത്യയില്‍ മൂല്യവര്‍ധന വരുത്തിയിട്ടുണ്ടോ എന്നും പ്രത്യേകം രേഖപ്പെടുത്തേണ്ടിവരും. നിലവില്‍ ഓഫ് ലൈന്‍ വിപണനരംഗത്തുള്ളവരെ കംപ്യൂട്ടറൈസേഷനും ഡിജിറ്റല്‍ പേമെന്റ് സൗകര്യവും ഏര്‍പ്പെടുത്തി ഓണ്‍ലൈന്‍ വിപണിയിലേക്ക് കൊണ്ടുവരാന്‍ നയത്തില്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കരടിന് അന്തിമ രൂപം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഇത് കേന്ദ്രസര്‍ക്കാരിന് കൈമാറും.

Related Articles

© 2025 Financial Views. All Rights Reserved