
ന്യൂഡല്‍ഹി: എജിആര്‍ കുടിശ്ശിക വിഷയത്തില്‍ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി ടെലികോം കമ്പനികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസസ് എന്നീ കമ്പനികള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എല്‍.എന്‍ റാവു, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
എജിആര്‍ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന അപേക്ഷയാണ് തളളിയത്. കുടിശ്ശിക കുറയ്ക്കാനുള്ള സാധ്യതയാണ് സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ ഇല്ലാതായത്. കുടിശ്ശിക നല്‍കുന്നതിന് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി 10 വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികള്‍ ജൂലായ് 19ന് വീണ്ടുംകോടതിയെ സമീപിച്ചത്.
കണക്കുകളില്‍ പിശകുകളുണ്ടാകാമെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് വോഡാഫോണ്‍ ഐഡിയയാണ് പ്രധാനമായും രംഗത്തുവന്നത്. എജിആര്‍ കുടിശ്ശിക വിഷയത്തില്‍ പുനഃപരിശോധന നടത്തില്ലെന്നും ഇക്കാര്യത്തില്‍ തര്‍ക്കമുന്നയിക്കാന്‍ കമ്പനികളെ അനുവദിക്കില്ലെന്നും സുപ്രീംകോടതിയില്‍ ടെലികോം വകുപ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു. ടെലികോം കമ്പനികള്‍ക്കുമേല്‍ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് ചുമത്തുന്ന സ്പെക്ട്രം യൂസേജ് ഫീസും ലൈസന്‍സ് ഫീസും ഉള്‍പ്പെടുന്നതാണ് എജിആര്‍. വിവിധ കമ്പനികള്‍ ഈയിനത്തില്‍ 1.6 ലക്ഷം കോടി രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളത്.