
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അഥവാ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2019-20 ല്‍ 4.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട വിവരം വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 3.1 ശതമാനം വളര്‍ച്ച നേടി. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കോവിഡ് -19 ചൂട് അനുഭവിക്കാന്‍ തുടങ്ങിയ സമയമാണിത്. എന്നാല്‍ മാര്‍ച്ച് അവസാന ആഴ്ച്ച മുതലാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത്.
ജിഡിപി വളര്‍ച്ച, വാര്‍ഷികാടിസ്ഥാനത്തിലും അവസാന പാദത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മന്ദഗതിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2018-19 ലെ 6.1 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 4.2 ആയി കുറഞ്ഞു. അതുപോലെ, 2018-19 ന്റെ നാലാം പാദത്തിലെ 5.7 ശതമാനം വളര്‍ച്ച 2019-20 ല്‍ 3.1 ശതമാനമായി കുറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം ദുര്‍ബലമായി.
കോവിഡ് പ്രതിസന്ധി പൂര്‍ണ്ണമായി ബാധിക്കുന്നതിനു മുമ്പുതന്നെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വളര്‍ച്ചയിലെ മാന്ദ്യം ക്രമേണയുള്ളതാണെന്നും കോവിഡ് 19 പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പ് തന്നെ വളര്‍ച്ചാ വേഗത നിലനിര്‍ത്താന്‍ ഇന്ത്യ പാടുപെടുകയായിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. 2019-20 ന്റെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച 5.2 ശതമാനമായിരുന്നു, രണ്ടാം പാദത്തില്‍ ഇത് 4.4 ഉം മൂന്നാം പാദത്തില്‍ 4.1 ഉം നാലാം പാദത്തില്‍ 3.1 ഉം ആയി കുറഞ്ഞു. കോവിഡിന് മുമ്പ് ഇന്ത്യ പിന്തുടരുന്ന വളര്‍ച്ചാ പാതയുടെ യഥാര്‍ത്ഥ ചിത്രമിതാണ്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ശക്തവും ദുര്‍ബലവുമായ മേഖലകളെക്കുറിച്ച് അറിയാന്‍ താല്‍ക്കാലിക ജിഡിപി എസ്റ്റിമേറ്റ് സഹായിക്കും. 2018-19 ല്‍ 2.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2019-20ല്‍ മൊത്ത മൂല്യവര്‍ദ്ധനവിന്റെ (ജിവിഎ) വളര്‍ച്ച കാര്‍ഷിക മേഖലയില്‍ 4 ശതമാനമായി ഉയര്‍ന്നു. 2018-19 ല്‍ നെഗറ്റീവ് വളര്‍ച്ച (5.8 ശതമാനം) രേഖപ്പെടുത്തിയ ഖനന, ക്വാറി പ്രവര്‍ത്തനങ്ങള്‍ 2019-20 ല്‍ 3.1 ശതമാനം വളര്‍ച്ച നേടി. ഈ രണ്ട് മേഖലകളിലെയും പുന:സ്ഥാപനം ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഘടകമായിരിക്കും. കാര്‍ഷിക മേഖലയെ കോവിഡ് -19 ആഘാതങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമ്പോള്‍, ഖനനത്തില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് നയപരമായ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഈ മേഖലയിലെ കൂടുതല്‍ വളര്‍ച്ചയ്ക്ക് വ്യക്തമായ സൂചനകളാണിത്.
2019-20 ല്‍ ഉല്‍പ്പാദന മേഖലയെ ഏറെ ബാധിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയ വ്യാപാരം, ഹോട്ടലുകള്‍, ഗതാഗത വിഭാഗം എന്നീ മേഖലകളില്‍ വളര്‍ച്ച പകുതിയായി കുറഞ്ഞു. 2018-19 ല്‍ 7.7 ശതമാനത്തില്‍ നിന്ന് 2019-20 ല്‍ 3.6 ശതമാനമായി. മുന്‍വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്ന് 2019-20 ല്‍ വളര്‍ച്ച 1.3 ശതമാനമായി കുറഞ്ഞതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഗണ്യമായി കുറഞ്ഞു. കല്‍ക്കരി, സിമന്റ്, ഉരുക്ക്, പ്രകൃതിവാതകം, റിഫൈനറി, ക്രൂഡ് ഓയില്‍ തുടങ്ങിയ മേഖലകളുടെ ഉല്‍പാദനത്തില്‍ ഗണ്യമായ നഷ്ടം നേരിട്ടു.