
ന്യൂഡല്‍ഹി: കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി, കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണന സാധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ ലോക്‌സഭ പാസാക്കി. ഇടനിലക്കാരെ ഒഴിവാക്കി, കാര്‍ഷിക ഉല്‍പന്നങ്ങള്‍ നേരിട്ടു വില്‍ക്കാന്‍ ബില്‍ വഴിയൊരുക്കുമെന്നു കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ചൂണ്ടിക്കാട്ടി.
ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരുമായി മുന്‍കൂര്‍ കരാറിലേര്‍പ്പെട്ട ശേഷം ഉല്‍പാദനം ആരംഭിക്കാനും കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. പ്രാദേശികാടിസ്ഥാനത്തിലുള്ള വില്‍പന നിയന്ത്രണങ്ങള്‍ ഒഴിവാക്കി, സംസ്ഥാനാന്തര തലത്തില്‍ വില്‍പന നടത്താനും കൃഷിക്കാര്‍ക്കു സാധിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കൃഷിയിടങ്ങള്‍ വന്‍കിട കമ്പനികള്‍ക്കു തീറെഴുതിക്കൊടുക്കാന്‍ ബില്‍ വഴിയൊരുക്കുമെന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.