
ന്യൂഡല്‍ഹി: ഓഹരി വില്‍പനക്കൊരുങ്ങുന്നതിന് (ഐപിഒ) മുന്നോടിയായി ആറ് സ്വതന്ത്ര ഡയറക്ടര്‍മാരെ കമ്പനി ബോര്‍ഡില്‍ നിയമിച്ച് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. മുന്‍ കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി അഞ്ചുലി ഛിബ് ദുഗ്ഗല്‍, സെബി മുന്‍ അംഗം ജി മഹാലിംഗം, എസ്ബിഐ ലൈഫ് മുന്‍ മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് നൗട്ടിയാല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എംപി വിജയകുമാര്‍, രാജ് കമല്‍, വിഎസ് പാര്‍ഥസാരഥി എന്നിവരാണ് പുതുതായി നിയമിതരായത്.
ഇതോടെ സ്വതന്ത്ര ഡയറക്ടര്‍മാരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. പ്രാഥമിക ഓഹരി വില്‍പനക്ക് (ഐപിഒ) ഈയാഴ്ച തന്നെ കേന്ദ്രം നടപടി തുടങ്ങുമെന്നാണ് കരുതുന്നതെന്ന് നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു. മാര്‍ച്ചില്‍ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
വില്‍ക്കുന്ന ഓഹരിയുടെ പത്തു ശതമാനം പോളിസി ഉടമകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. നടപ്പുവര്‍ഷം സര്‍ക്കാര്‍ കണക്കാക്കിയ വരുമാന ലക്ഷ്യം നേടാന്‍ കഴിയാത്തതിനാല്‍ എല്‍ഐസി ഐപിഒയെ വലിയ പ്രതീക്ഷയോടെയാണ് കേന്ദ്രം കാണുന്നത്. ഐപിഒ നടപടികള്‍ സുഗമമാക്കുന്നതിനായി ചെയര്‍മാന്‍ എംആര്‍ കുമാറിന്റെ ഔദ്യോഗിക കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.