
ഫ്രാന്‍ങ്കോ-ഡച്ച് എയര്‍ലൈന്‍ കമ്പനിയായ എയര്‍ഫ്രാന്‍സ്-കെഎല്‍എമ്മുമായി കോഡ് ഷെയര്‍ കരാറിലൊപ്പിട്ട് ഇന്‍ഡിഗോ. കരാര്‍ പ്രകാരം ഇരു കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്ക് പരസ്പരം വിമാനടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇന്‍ഡിഗോ കോഡ് ഷെയര്‍ കരാറിലൊപ്പിടുന്ന നാലാമത്തെ കമ്പനിയാണ് എയര്‍ഫ്രാന്‍സ്-കെഎല്‍എം.
ഡല്‍ഹി,മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ഫ്രാന്‍സ്-കെഎല്‍എം സര്‍വീസുകള്‍. കരാറിന്റെ ഭാഗമായി ഇന്‍ഡിഗോയുടെ 25 പ്രാദേശിക റൂട്ടുകള്‍ എയര്‍ ഫ്രാന്‍സിന് വില്‍ക്കാനാവും. സമാനമായി എയര്‍ഫ്രാന്‍സിന്റെ 250 ഓളം റൂട്ടുകളിലെ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഇന്‍ഡിഗോയ്ക്കും ആകും. ഇതില്‍ 120 സര്‍വീസുകള്‍ യൂറോപ്പിലേക്കും 50 എണ്ണം അമേരിക്കയിലേക്കുമാണ്.
2022 ഫെബ്രുവരിയില്‍ കോഡ് ഷെയര്‍ കരാര്‍ നിലവില്‍ വരും. നിലവില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുമായി ഇന്‍ഡിഗോയ്ക്ക് കോഡ് ഷെയറിംഗ് കരാറുണ്ട്.