
ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വായ്പാ ബാധ്യത കുറക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സമിതിയായ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് (എഐഎച്ച്എല്‍) ഒരാഴ്ച്ചക്കുള്ളില്‍ കടപത്രങ്ങള്‍ പുറത്തിറക്കിയേക്കും. ബോണ്ട് സമാഹരണത്തിലൂടെ വന്‍തുക സമാഹരിക്കുക എന്ന ലക്ഷ്യമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ബോണ്ട് വില്‍പ്പനയിലൂടെ ഏകദേശം 8,064 കോടി രൂപയോളം സമാഹരിക്കുക എന്നതാണ് എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് എല്‍ടിഡി ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യക്ക് ആകെയുള്ള 29,464 കോടി രൂപയുടെ കടം എഐഎഎച്ചഎല്ലിലേക്ക് മാറ്റാനുള്ള നീക്കമാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്.
എയര്‍ ഇന്ത്യയുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഊര്‍ജിതമായ ശ്രമമാണ് ആരംഭിച്ചിട്ടുള്ളത്. വായ്പാ ബാധ്യത കുറച്ച് എയര്‍ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതേസമയം എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളാണ് നിലവില്‍ ആരംഭിച്ചത്. അയ്യായിരം കോടി രൂപ ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ അടച്ചുതീര്‍ക്കാനുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കമ്പനിക്ക് ഇത്തരമൊരു സാചര്യം ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം വായ്പാ ബാധ്യതയും എഐഎച്ച്എല്ലിലേക്ക് മാറ്റാനാണ് പ്രധാന നീക്കം. ലക്ഷ്യം പൂര്‍ത്തിയായാല്‍ എയര്‍ ഇന്ത്യയുടെ കടബാധ്യത കുറയുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് 2018 മാര്‍ച്ച് വരെ ആകെ കടമായി ഉണ്ടായിരുന്നത് 55,000 കോടി രൂപയോളമായിരുന്നു. 2019 ലേക്കതെത്തയപ്പോള്‍ എയര്‍ ഇന്ത്യയുടെ ആകെ കടം 58,351.93 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതസിന്ധി മൂലം അടുത്ത മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന വാര്‍ത്തകളും ഇതിനകം പ്രചരിച്ചിട്ടുണ്ട്. കടബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.