
നെടുമ്പാശ്ശേരി: രാജ്യത്തെ വിമാനക്കമ്പനികള്‍ പലതും നഷ്ടത്തില്‍ പറക്കുമ്പോഴും വന്‍ ലാഭത്തില്‍ കുതിക്കുകയാണ് ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. അടുപ്പിച്ച് നാലാം വര്‍ഷവും ലാഭത്തില്‍ മുന്നോട്ട് പോകുന്ന കമ്പനി 2018-19ല്‍ അറ്റാദായമായി നേടിയത് 169 കോടി രൂപയാണ്. മൊത്ത വരുമാനം 16.07 ശതമാനം വര്‍ധിച്ചുവെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം പുറത്ത് വിടുന്ന കണക്കുകള്‍. മാത്രമല്ല യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4,202 കോടി രൂപയാണ് മൊത്ത വരുമാനം.
മുന്‍ വര്‍ഷം 3,612 കോടി രൂപയായിരുന്നു ഇത്. ഇക്കുറി വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും അറ്റാദായം കുറഞ്ഞു. 2017-18 വര്‍ഷം 262 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അറ്റാദായം. വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് താരതമ്യേന കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മികച്ച പ്രകടനം. വിമാന ഇന്ധന വില മാത്രം 35 ശതമാനമാണ് കഴിഞ്ഞ വര്‍ഷം കൂടിയത്. 43.6 ലക്ഷം യാത്രക്കാരാണ് പോയ വര്‍ഷം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പറന്നത്. വിമാനങ്ങള്‍ ദിവസവും 13.3 മണിക്കൂര്‍ ഉപയോഗിക്കാനായി എന്നതും നേട്ടമായെന്ന് സി.ഇ.ഒ. കെ. ശ്യാംസുന്ദര്‍ പറഞ്ഞു.
രണ്ട് വിമാനങ്ങള്‍ കൂടുതലായി എത്തിയതും മൂന്ന് സര്‍വീസുകള്‍ പുതുതായി തുടങ്ങിയതും വരുമാനം കൂടാന്‍ കാരണമായി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നിലവില്‍ 13 അന്താരാഷ്ട്ര സര്‍വീസുകളും 20 ആഭ്യന്തര സര്‍വീസുകളുമാണുള്ളത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പലതും നഷ്ടത്തില്‍ പറക്കുമ്പോഴാണ് ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടര്‍ച്ചയായി നാലാം വര്‍ഷവും ലാഭമുണ്ടാക്കിയത്.
മുന്‍ വര്‍ഷത്തെക്കാള്‍ പ്രവര്‍ത്തനച്ചെലവ് കൂടിയതിനാലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാഭം ഇക്കുറി കുറഞ്ഞത്. 25 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആകെയുള്ളത്. ഈ വിമാനങ്ങള്‍ ഉപയോഗിച്ച് പരമാവധി സര്‍വീസ് നടത്തി നേട്ടമുണ്ടാക്കുകയായിരുന്നു. കേരളത്തില്‍നിന്നുള്ള ഗള്‍ഫ് സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത്.