
ഡല്‍ഹി: ബോണ്ട് വിറ്റഴിക്കല്‍ വഴി 7000 കോടി രൂപ സമാഹരിക്കാന്‍ എയര്‍ ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയുടെ വായ്പാ കുടിശ്ശിക അടയ്ക്കാനാണ് തുക കണ്ടെത്തുന്നത്. എയര്‍ ഇന്ത്യാ അസറ്റ് ഹോള്‍ഡിങ്‌സാണ് ബോണ്ടുകള്‍ വിറ്റഴിക്കുന്നത്. 29,464 കോടി രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കുന്നതിന് വേണ്ടിയാണ് നീക്കം. ഒക്ടോബറോടെ എയര്‍ ഇന്ത്യയുടെ വില്‍പ്പനയ്ക്കുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ വലിയ കടങ്ങള്‍ വീട്ടാന്‍ പ്രാപ്തിയുള്ള നിക്ഷേപകരേയും കമ്പനി തേടുകയാണ്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മുഴുവന്‍ കടവും വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ലേലക്കാര്‍ ഉണ്ടാകാതിരുന്നത് തിരിച്ചടിയായിരുന്നു. എയര്‍ ഇന്ത്യയുടെ ആകെ കടം 55000 കോടിയായിരുന്നു.ഇത് 29,464 ആയി കുറച്ചതോടെ വാര്‍ഷിക പലിശ ബാധ്യത 2700 കോടിയായി കുറഞ്ഞിരുന്നു. നിലവില്‍ ബോണ്ട് വിറ്റഴിക്കലിലൂടെ നേടുന്ന 7000 കോടിയടക്കം 22,000 കോടി രൂപ രണ്ട് തവണയായി സമാഹരിക്കാനാണ് പദ്ധതി.
കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് എല്ലാ തീര്‍ഥാടകരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ വിടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കായി. വിമാന കമ്പനികള്‍ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ശനിയാഴ്ച ഉയര്‍ത്തിയിരുന്നു. 10000ത്തില്‍ താഴെ നിരക്കില്‍ ടിക്കറ്റ് കിട്ടാനില്ല എന്നതായിരുന്നു അവസ്ഥ.
ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുത് എന്ന സര്‍ക്കാര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഓഗസ്റ്റ് 15വരെ ശ്രീനഗറിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് 9500 രൂപയായി നിശ്ചയിച്ചത്.