
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ കടുത്ത പ്രതിസന്ധിയില്‍. പൈലറ്റുമാരുടെ ശമ്പളം എഴുപത് ശതമാനം വരെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് എയര്‍ഇന്ത്യയിലെ രണ്ട് യൂണിയനുകളും ഒരുമിച്ച് നീങ്ങാനുള്ള തീരുമാനത്തിലാണിപ്പോള്‍. ഇന്ത്യന്‍ കമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷനും ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡുമാണ് ഏവിയേഷന്‍ മേഖലയില്‍ പൈലറ്റുകളുടെ രണ്ട് സംഘടനകള്‍. ഈ രണ്ട് സംഘടനകളും ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് കത്തയച്ചിരിക്കുകയാണ്.
പൈലറ്റുമാരുടെ ശമ്പളം എഴുപത് ശതമാനം വരെ വെട്ടിക്കുറച്ചിരിക്കുകയാണ് എന്നാണ് ആക്ഷേപം. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, അലയന്‍സ് എയര്‍ എന്നിവയിലെ പൈലറ്റുമാരാണ് ദുരിതത്തില്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാണ് വ്യോമയാന മന്ത്രിയോട് സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശമ്പളം വെട്ടിക്കുറച്ചത് മാത്രമല്ല പ്രശ്നം. അത് എത്രകാലത്തേക്കാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടും ഇല്ല. ഏകപക്ഷീയമായിട്ടാണ് ശമ്പളം വെട്ടിക്കുറക്കാന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചത് എന്നും ഇവര്‍ പറയുന്നു.
വിമാന സര്‍വ്വീസുകളെ മുന്നോട്ട് നയിക്കാന്‍ പൈലറ്റുമാര്‍ തന്നെ വേണം. എന്നാല്‍ പൈലറ്റുമാരുടെ ശമ്പളം 70 ശതമാനം വരെ വെട്ടിക്കുറച്ച കമ്പനിയുടെ ടോപ് മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും നാമമാത്രമായി 10 ശതമാനം മാത്രമാണ് വെട്ടിക്കുറച്ചിട്ടുള്ളത് എന്നും സംഘടനകള്‍ ആരോപിക്കുന്നുണ്ട്.
പൈലറ്റുമാര്‍ക്ക് കൊവിഡ് വന്നാല്‍ അവര്‍ ക്വാറന്റൈനില്‍ പോവുകയോ ആശുപത്രിയില്‍ പ്രവേശിക്കുകയോ വേണം. അതിന് ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എന്‍ഒസിയും മറ്റ് മെഡിക്കല്‍ പരിശോധനകളും എല്ലാം അടക്കം ഒരുമാസത്തോളം സമയമെടുക്കും. ഈ സമയത്ത് അവര്‍ക്ക് ജീവനാംശം നിഷേധിക്കുന്നത് ന്യായമാണോ എന്നും യൂണിനയുകള്‍ ആരായുന്നു.
എയര്‍ ഇന്ത്യ എന്തായാലും കേന്ദ്ര സര്‍ക്കാര്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇനി എന്തായാലും അത് സാധ്യമാവില്ലെന്നാണ് സൂചന. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ വില്‍പന നടത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. ടാറ്റ സണ്‍സ് ആണ് എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്.