സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എയര്‍ ഇന്ത്യയുടെ പുതിയ നീക്കം; റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ വിറ്റ് കമ്പനിക്ക് കണ്ടെത്തേണ്ടത് 500 കോടി

August 16, 2019 |
|
News

                  സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ എയര്‍ ഇന്ത്യയുടെ പുതിയ നീക്കം; റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ വിറ്റ് കമ്പനിക്ക് കണ്ടെത്തേണ്ടത് 500 കോടി

മുംബൈ: 60ല്‍ അധികം റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ വില്‍ക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ വലിയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. കമ്പനിക്കുള്ള കടം വീട്ടുന്നതിന്റെ ഭാഗമായിട്ടാണിത്. ഏപ്രിലില്‍ നടത്തിയ ലേലത്തില്‍ വിറ്റു പോകാത്ത ആസ്തികളാണ് കമ്പനി ഇപ്പോള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. ആഗസ്റ്റ് 30 മുന്‍പ് ലേലത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്നും ഇപ്പോള്‍ കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എംഎസ്ടിസി ലിമിറ്റഡാണ് ഇ-ലേലം നടത്തുന്നത്.

മുംബൈയിലെ 41 അപ്പാര്‍ട്ട്‌മെന്റുകളുള്ള കെട്ടിടം, മാഹിം, കോലാബാ, ബാദ്ര, കൊല്‍ക്കത്ത, ഗ്വാളിയര്‍, ബെംഗലൂരൂ എന്നിവിടങ്ങളിലെയടക്കമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ വില്‍ക്കാനാണ് നീക്കം. 15 ലക്ഷം രൂപ മുതല്‍ എട്ട് കോടി വരെയാണ് കരുതല്‍ തുക. ഏപ്രില്‍ വരെ നടത്തിയ വില്‍പനയില്‍ കമ്പനി 56 സ്വത്തുക്കളാണ് വിറ്റത്. ഈ വര്‍ഷം തന്നെ ആസ്തികള്‍ വിറ്റ് 500 കോടി നേടണമെന്നാണ് കമ്പനിയുടെ ലക്ഷ്യം. 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എയര്‍ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചത.് 58,351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്. എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഓഹരി വില്‍പന തീരുമാനം മരവിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഹരി വില്‍പനയില്‍ നിന്നും പുറകോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തിയത്. 

സാമ്പത്തിക കാര്യങ്ങള്‍ക്കുളള മന്ത്രിസഭാ സമിതി ഓഹരി വില്‍പന നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. ഇതിനായി ഒരു പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ സഹായത്തിലാണ് എയര്‍ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30,000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,500 കോടിയോളം രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടം. ഈ ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിക്കൂടിയാണ് ഓഹരി വില്‍പന നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മുഴുവന്‍ കടവും വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ലേലക്കാര്‍ ഉണ്ടാകാതിരുന്നത് തിരിച്ചടിയായിരുന്നു. എയര്‍ ഇന്ത്യയുടെ ആകെ കടം 55000 കോടിയായിരുന്നു.ഇത് 29,464 ആയി കുറച്ചതോടെ വാര്‍ഷിക പലിശ ബാധ്യത 2700 കോടിയായി കുറഞ്ഞിരുന്നു. നിലവില്‍ ബോണ്ട് വിറ്റഴിക്കലിലൂടെ നേടുന്ന 7000 കോടിയടക്കം 22,000 കോടി രൂപ രണ്ട് തവണയായി സമാഹരിക്കാനാണ് പദ്ധതി. 

കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് എല്ലാ തീര്‍ഥാടകരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ വിടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കായി. വിമാന കമ്പനികള്‍ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ശനിയാഴ്ച ഉയര്‍ത്തിയിരുന്നു. 10000ത്തില്‍ താഴെ നിരക്കില്‍ ടിക്കറ്റ് കിട്ടാനില്ല എന്നതായിരുന്നു അവസ്ഥ.

Related Articles

© 2025 Financial Views. All Rights Reserved